ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ (ഒൻപത്) വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയുടെ കൈക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പ്ലാസ്റ്റർ ഇട്ടത്. രക്തയോട്ടം നിലച്ച് നീര് വച്ച് പഴുത്ത സ്ഥിതിയിലായ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മുറിച്ചുമാറ്റിയത്. സംഭവത്തിൽ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുകയും ഡിഎംഒ നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടർമാർക്കെതിരെ നടപടി.