ഉള്ളുലഞ്ഞ് കരൂർ; നൂറിലധികം പേർ ചികിത്സയിൽ
 
        ചെന്നൈ : തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‍യുടെ കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശുപത്രി വൃത്തങ്ങൾ. ഇതുവരെ 40 പേർക്കാണ് ജീവൻ നഷ്ടമായത്. 111 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. മരിച്ചവരിൽ 17 സ്ത്രീകളും 9 കുട്ടികളും ഉൾപ്പെടുന്നു. പല കുട്ടികളെയും കാണാതായതായി വിവരമുണ്ട്. 25 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിലവിളികളാണ് കരൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ മുഴങ്ങുന്നത്. ദുരന്തവാർത്തയറിഞ്ഞ് ദൂര സ്ഥലങ്ങളിൽ നിന്നുതന്നെ പലരുടെയും ബന്ധുക്കൾ മെഡിക്കൽ കോളേജിലെത്തിയിരുന്നു. പകൽ പത്തോടെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. ദുരന്തം നടന്ന വേലുച്ചാമിപുരത്തുനിന്നും 10 മിനിറ്റ് ദൂരം മാത്രമാണ് കരൂർ മെഡിക്കൽ കോളേജിലേക്കുള്ളത്. അപകടമുണ്ടായതോടെ ആദ്യഘട്ടത്തിൽ എല്ലാവരെയും കരൂർ മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. എത്തിച്ചപ്പോൾ തന്നെ 29 പേർക്ക് ജീവനില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഒന്നര വയസുള്ള കുട്ടിയെയടക്കം മരിച്ച നിലയിലാണ് എത്തിച്ചത്.

 
                 
                 
                