രാത്രി മുഴുവൻ ക്യൂവില്‍, ഇന്ത്യയിലും ഐഫോണ്‍ 17 സീരീസ് സ്വന്തമാക്കാൻ വൻതിരക്ക്

Share our post

17 സീരീസ് ഫോണുകള്‍ സ്വന്തമാക്കാൻ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന് ജനം.ഡല്‍ഹിയിലും മുംബൈയിലുമടക്കം ക്യൂ നില്‍ക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈയില്‍ ബാന്ദ്ര കുർള കോംപ്ലക്സിലെ ആപ്പിളിന്റെ ഫ്ളാഗ്ഷിപ്പ് സ്റ്റോർ, ഡല്‍ഹിയില്‍ ആപ്പിളിന്റെ സാകേത് സ്റ്റോർ എന്നിവയ്ക്ക് മുന്നില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വാർത്താ ഏജൻസികളടക്കം പുറത്തുവിട്ടിട്ടുള്ളത്. സിംഗപ്പുർ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ വാങ്ങാൻ തിക്കും തിരക്കും കൂട്ടുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മുംബൈയിലെ സ്റ്റോർ തുറക്കുന്നതിന് മണിക്കൂറുകള്‍ മുൻപുതന്നെ വലിയ ജനക്കൂട്ടം സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയിരുന്നു. അടുത്തിടെ പുറത്തിറക്കിയ ഉപകരണങ്ങള്‍ ആദ്യം വാങ്ങുന്നവരില്‍ ഒരാളാകാൻ വേണ്ടിയാണ് ആപ്പിള്‍ ആരാധകർ രാത്രി മുതല്‍തന്നെ വരിനിന്നത്. ആറുമാസമായി ഈ ഫോണിനായി കാത്തിരിക്കുകയാണെന്നും പുലർച്ചെ മൂന്ന് മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും ചിലർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഐഫോണ്‍ 17 പ്രോ മാക്സ് വാങ്ങാൻ രാത്രി എട്ട് മുതല്‍ കാത്തിരിക്കുകയാണെന്നും ഇത്തവണ ക്യാമറയിലും ബാറ്ററിയിലും രൂപത്തിലും വന്ന മാറ്റങ്ങളാണ് തന്നെ ആകർഷിച്ചതെന്നും മറ്റുചിലർ വിശദീകരിച്ചു. അടുത്തിടെ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 17 സീരീസിന് 82,900 മുതല്‍ 2,29,900 വരെയാണ് വില. മുൻകൂട്ടി ബുക്ക് ചെയ്തവർക്കും നേരിട്ട് വാങ്ങാനെത്തുന്നവർക്കുമായി ഇന്ന് (സെപ്റ്റംബർ 19) മുതലാണ് ഇവ സ്റ്റോറുകളില്‍ എത്തിയത്. വില്‍പ്പന വർദ്ധിപ്പിക്കുന്നതിനായി ആപ്പിളിന്റെ റീട്ടെയില്‍ പങ്കാളികളും വിതരണക്കാരും ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസുകള്‍, ദീർഘകാല ഇഎംഐ സ്കീമുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഐഫോണ്‍ മോഡലുകളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആക്സസറികളിലും വെയറബിളുകളിലും വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഇൻഗ്രാം മൈക്രോയടക്കം ഐഫോണ്‍ 17 സീരീസ് ഉപഭോക്താക്കള്‍ക്കായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!