ഹസാര്‍ഡ് വാണിങ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്പോള്‍, എങ്ങനെ?വിശദീകരണവുമായി കേരള പൊലീസ്

Share our post

തിരുവനന്തപുരം: ഹസാര്‍ഡ് വാണിങ് ലൈറ്റ് പലപ്പോഴും ഉപയോഗിക്കുന്നത്‌ അനവസരത്തിലാണൈന്നതാണ്‌ വാസ്‌തവം. ഇത്തരത്തിൽ ഡിവൈസിന്റെ പ്രാധാന്യം മനസിലാക്കാതെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം നിരത്തിൽ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ്‌ കേരള പൊലീസ്.

പോസ്റ്റിന്റെ പൂർണരൂ‍പം

വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്റെ നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ ദുരുപയോഗം.

യാത്രയ്ക്കിടെ റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ചിലര്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. അതുപോലെ നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.

തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ട സാഹചര്യമുണ്ടായാല്‍ (ഭാരം കയറ്റിയ വാഹനങ്ങള്‍, മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍) ഹസാഡ് വാണിങ്ങ് പ്രവര്‍ത്തിപ്പിക്കാം. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടല്‍ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവര്‍ത്തിപ്പിക്കരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!