കൈക്കൂലിയായി വാങ്ങിയത് ഏഴു കുപ്പി മദ്യം, 50,640 രൂപ; എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പിടിയിൽ

തിരുവനന്തപുരം: ബാറുടമകളിൽനിന്നും കള്ളുഷാപ്പ് കരാറുകാരിൽനിന്നും മദ്യവും പണവും വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ കാറിൽനിന്നാണ് കൈക്കൂലിയായി വാങ്ങിയ ഏഴു കുപ്പി മദ്യവും കണക്കിൽപ്പെടാത്ത 50,640 രൂപയും പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ‘ഓപ്പറേഷൻ സേഫ് സിപ്പ്’ എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനിടയിലാണ് ശങ്കർ പിടിയിലായതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.