സുപ്രീംകോടതി വിധി: അരലക്ഷം സ്കൂൾ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവര്‍ക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ ഭീഷണി. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആര്‍ടിഇ) വരുന്നതിനുമുന്പ് അധ്യാപകരായവര്‍ക്കും ടെറ്റ് യോഗ്യത നിര്‍ബന്ധമാണെന്നാണ് കോടതിവിധി. ഇതോടെ, ഇത്രയുംകാലം അധ്യാപകര്‍ക്ക് ഇളവനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇനി മാറിച്ചിന്തിക്കേണ്ടിവരും. അല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കേണ്ടിവരും. ആര്‍ടിഇക്കു വിധേയമായി എന്‍സിടിഇ നിയമവും ഭേദഗതി ചെയ്തിരുന്നു. തുടര്‍ന്ന്, 2010 ഓഗസ്റ്റ് 23-ന് എന്‍സിടിഇ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അധ്യാപകരാവാന്‍ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി. പിന്നാലെ, ടെറ്റ് നടപ്പാക്കാന്‍ 2011 ഫെബ്രുവരി 11-ന് എന്‍സിടിഇ മാര്‍ഗരേഖയും പുറത്തിറക്കി. ടെറ്റ് യോഗ്യതയില്ലാത്തവര്‍ 2019 ഏപ്രില്‍ ഒന്നിനുള്ളില്‍ അതുനേടിയിരിക്കണമെന്നു വ്യക്തമാക്കി 2017 ഓഗസ്റ്റ് മൂന്നിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിരുന്നു. ഇതൊന്നും കൃത്യമായി പാലിക്കാതെ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇളവനുവദിച്ച് അധ്യാപകനിയമനം അനുവദിച്ചു. ഓരോ വര്‍ഷവും മൂന്ന് ടെറ്റ് പരീക്ഷ കേരളത്തില്‍ നടക്കാറുണ്ടെങ്കിലും ആര്‍ടിഇ വരുന്നതിനു മുന്പുള്ളവര് അതെഴുതിയിരുന്നില്ല. അധ്യാപകരുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഭരണപക്ഷസംഘടനകള്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്രനിയമ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി ആവശ്യപ്പെട്ടു. 2010-നുമുന്പ് നിയമിക്കപ്പെട്ടവരുടെ ജോലി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് എകെഎസ്ടിയു ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന് ആവശ്യപ്പെട്ടു.