വയനാട് തുരങ്കപാത; മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയും

Share our post

തിരുവമ്പാടി: ആനക്കാംപൊയിലിൽനിന്ന്‌ കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്തിച്ചേരാം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൂരവും ചുരത്തിലെ യാത്രാദുരിതവും കുറയുമെന്നതാണ് പ്രയോജനം. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയാനുതകുന്ന പദ്ധതിയാണിത്.പ്രകൃതിരമണീയമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയായതിനാൽ ടൂറിസം പ്രതീക്ഷകൾക്കും അനന്തസാധ്യതയാണ്. കക്കാടംപൊയിൽ, പൂവാറൻതോട്, അരിപ്പാറ, മറിപ്പുഴ, തുഷാരഗിരി തുടങ്ങിയ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് മലയോരമേഖലയിലുള്ളത്.

ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും കേന്ദ്രമാണ് തിരുവമ്പാടി നിയോജകമണ്ഡലം. മലയോരഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായിക്കഴിഞ്ഞു. തുരങ്കപാതകൂടി വരുന്നതോടെ വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവാകും. കാർഷികമേഖലയുടെ മുഖച്ഛായതന്നെ മാറ്റുന്നതിനും പാത ഉതകും. പാത മലയോര, കുടിയേറ്റ മേഖലയുടെ വികസനക്കുതിപ്പിന് നിമിത്തമാകും.പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നാലുവരി തുരങ്കപാത നിർമാണം നടക്കുക. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ. ഹാഷിം ‘മാതൃഭൂമി’യോട് പറഞ്ഞു.

കേരളം പുതിയ ചരിത്രമെഴുതുന്നു -മന്ത്രി റിയാസ്

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ തുരങ്കപാത നിർമാണത്തിലേക്ക് കടക്കുന്നതോടെ പശ്ചാത്തല വികസനമേഖലയിൽ കേരളം പുതിയ ചരിത്രമെഴുതും. കേരളത്തിന്റെ കാർഷികമേഖലയിലും വ്യാപാരമേഖലയിലും ടൂറിസംമേഖലയിലും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!