ഇടവപ്പാതി കനക്കും ; സാധാരണയിലധികം മഴ കിട്ടും

ന്യൂഡൽഹി : ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയിലും കൂടിയ അളവിൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാധാരണയിലധികം മഴ കിട്ടും. 105 ശതമാനംവരെ ലഭിച്ചേക്കാം. കാലവർഷത്തിന്റെ ദീർഘകാല ശരാശരി 96 മുതൽ 104 ശതമാനംവരെ സാധാരണ അളവിലുള്ള മഴയായാണ് കണക്കാക്കുന്നത്. 105 മുതൽ 110 ശതമാനംവരെ ദീർഘകാല ശരാശരി കൂടിയ അളവിലുള്ളതായാണ് കണക്കാക്കുന്നത്. തമിഴ്‌നാട്, വടക്കുകിഴക്കൻ മേഖല, രാജസ്ഥാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയിലും കുറഞ്ഞ അളവിലാകും മഴ. ഇന്ത്യൻ സമുദ്രത്തിലെ താപനിലയിലെ ഏറ്റകുറച്ചിൽ പ്രതിഭാസം (ഐഒഡി), ഉത്തരാർധ ഗോളത്തിലെ മഞ്ഞ് രൂപീകരണം തുടങ്ങി. ഇന്ത്യൻ മൺസൂണിനെ സ്വാധീനിക്കുന്ന ആഗോളഘടകങ്ങളെല്ലാം ഇക്കുറി അനുകൂലമാണ്. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും മെച്ചപ്പെട്ട മഴ പ്രവചിച്ചിട്ടുണ്ട്.