ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പര്‍ വണ്ടികള്‍ കുതിക്കും
കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും.
റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)
