വിമാനത്താവള നാലുവരിപ്പാത; ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള പൊതു തെളിവെടുപ്പ്16 മുതൽ 24 വരെ
പേരാവൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് മാനന്തവാടിയിൽ നിന്നുള്ള കണക്ടിവിറ്റി റോഡിന്റെ സാമൂഹിക പ്രതാഘാത പഠനം പൂർത്തിയായി. പഠനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് മുതൽ മട്ടന്നൂർ മുൻസിപ്പാലിറ്റി വരെയുള്ള പ്രദേശങ്ങളിലെ ഭൂമിയോ കെട്ടിടമോ നഷ്ടപ്പെട്ടുന്നവരുടെ പൊതു തെളീവെടുപ്പ്16 മുതൽ 24 വരെ നടക്കും. മാനന്തവാടി- ബോയ്‌സ് ടൗൺ- പേരാവൂർ-ശിവപുരം-മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ നിർമാണത്തിന് സ്ഥലമോ കെട്ടിടങ്ങളോ വിട്ടുനൽകുന്നവരിൽ നിന്നാണ് പൊതു തെളീവെടുപ്പ് നടത്തുക. കോഴിക്കോട് തിക്കോടിയിലെ സ്വകാര്യ കൺസൾട്ടൻസിയാണ് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയത്.
ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി വില്ലേജുകളിലെയും തലശേരി താലൂക്കിലെ തോലമ്പ്ര, ശിവപുരം വില്ലേജുകളിലും ഉൾപ്പെട്ട 84.906 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. പൊതു തെളിവെടുപ്പിൽ ഭൂമിയോ കെട്ടിടമോ നഷ്ടപ്പെടുന്നവർക്കും പൊതുജനങ്ങൾക്കുംസംഘടനകൾക്കും നിർദ്ദേശങ്ങളും പരാതികളും എഴുതി നല്കാം. ഇത്തരത്തിൽ എഴുതി നൽകുന്ന നിർദ്ദേശങ്ങളും പരാതികളും ഉന്നതാധികാര സമിതി പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
അന്തിമ റിപ്പോർട്ടിന് അംഗീകാരം ലഭിച്ച ശേഷം 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഇതിന് ശേഷം റവന്യൂ , വനം , പൊതുമരാമത്ത് ,ജലവിതരണം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥർ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിലെത്തി നഷ്ടപരിഹാരത്തിന്റെ കണക്കുകൾ തയ്യാറാക്കും. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയാണ് നാലുവരിപ്പാത നിർമിക്കുക.
പൊതു തെളിവെടുപ്പ് നടക്കുന്ന സ്ഥലം, ദിവസം , സമയം, വാർഡുകൾ എന്നിവ ക്രമത്തിൽ
കൊട്ടിയൂർ പഞ്ചായത്ത് ഹാൾ: തിങ്കളാഴ്ച , 10.30 മുതൽ വാർഡ് 6,7,8,9,10. 2.30 മുതൽ വാർഡ് 11,12,13,14.
കേളകം വ്യാപാരഭവൻ ഹാൾ: ചൊവ്വാഴ്ച , 10.30 മുതൽ വാർഡ് 10,12,13 .
കണിച്ചാർ പഞ്ചായത്ത് ഹാൾ: ചൊവ്വാഴ്ച , 2.30 മുതൽ വാർഡ് 2,3,5,12,13.
പേരാവൂർ റോബിൻസ് പാർട്ടി ഹാൾ: ബുധനാഴ്ച , 10.30 മുതൽ വാർഡ് 4,6,11,12. 2.30 മുതൽ 14,15,16.
മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയം: 23 തിങ്കളാഴ്ച , 10.30 മുതൽ വാർഡ് 1,2,3,4,5. 2.30 മുതൽ വാർഡ് 6,7,8. 24 ചൊവ്വാഴ്ച , 10.30 മുതൽ വാർഡ് 9,14,15.
മട്ടന്നൂർ മുൻസിപ്പൽ ഹാൾ: ചൊവ്വാഴ്ച , 2.30 മുതൽ വാർഡ് 14,15,25.
