കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്:കാരാപ്പുഴക്ക് പോകാം

Share our post

വയനാട് : പ്രകൃതി ഭം​ഗിയും സാഹസിക ഉല്ലാസവും കൈകോർക്കുകയാണ്‌ വയനാട്ടിലെ കാരാപ്പുഴയിൽ. അണക്കെട്ടും പുൽമൈതാനവും പൂക്കളും നിറഞ്ഞ സുന്ദരഭൂമി. അഡ്വഞ്ചർ ടൂറിസത്തിന്റെ പുതുപരീക്ഷണങ്ങൾ. ഒരിക്കലെത്തുന്നവരെ വീണ്ടും തന്നിലേക്ക് കൊളുത്തിവലിക്കുന്ന വിനോദകേന്ദ്രം. ഉരുൾപൊട്ടലിൽ വിറങ്ങലിച്ച ജില്ലയുടെ വിനോദ മേഖലക്ക്‌ അതിജീവനക്കരുത്ത്‌ പകരാൻ ഈ കേന്ദ്രവും മുന്നിലുണ്ട്‌. ഇറിഗേഷൻ വകുപ്പിന്‌ കീഴിൽ 2017 മെയ്‌ 21ന്‌ തുടക്കമിട്ട കാരാപ്പുഴ വിനോദ സഞ്ചാരകേന്ദ്രം ഏഴ്‌ വർഷത്തിനുള്ളിൽ ജില്ലയിൽ പ്രധാന ടൂറിസം മേഖലയായി. വൈവിധ്യമാർന്ന വിനോദോപാധികളാണുള്ളത്‌.

14 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന പൂവാടിയും നടപ്പാതകളുമെല്ലാം ഉല്ലാസത്തിനെത്തുന്നവരുടെ മനം കവരും. ഇതോടൊപ്പമാണ്‌ വ്യത്യസ്‌തമായ സാഹസിക റൈഡുകൾ. 2020ലാണ്‌ റൈഡുകൾ ആരംഭിച്ചത്‌. കാരാപ്പുഴ ടൂറിസം മാനേജ്‌മെന്റ്‌ കമ്മിറ്റിയും നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷനും ചേർന്നാണ്‌ സാഹസിക വിനോദസഞ്ചാരം നടത്തുന്നത്‌. സ്‌പേസ്‌ ടവർ, സിപ്പ്‌ ലൈൻ, ട്വിസ്‌റ്റർ, ജയിന്റ്‌ സ്വിങ്‌, ട്രോപാളി പാർക്ക്‌, ഫ്ലയിങ് ചെയർ, ഫ്ലയിങ് സോസർ എന്നിവയെല്ലാം സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക്‌ വിരുന്നൊരുക്കും. കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈനാണ് ഇതിൽ ഏറ്റവും ആകർഷകം. കാരാപ്പുഴ അണക്കെട്ടിനഭിമുഖമായി ക്രമീകരിച്ചിരിക്കുന്ന സിപ് ലൈനിൽ അണക്കെട്ടിന്റെ ഭംഗിയാസ്വദിച്ച് ഒരേസമയം രണ്ടുപേർക്ക് സഞ്ചരിക്കാം. ഇത് കൂടാതെ ഓപ്പൺ സ്‌റ്റേജും ഓഡിറ്റോറിയവുമുണ്ട്‌.

സഞ്ചാരികൾക്കും അല്ലാത്തവർക്കും ഇവിടെ പരിപാടികൾ നടത്താനാകും. ആഘോഷച്ചടങ്ങുകൾക്കും ഓഡിറ്റോറിയം അനുവദിക്കും. ഓണം ആഘോഷിക്കാൻ വയനാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്‌ കാരാപ്പുഴയിലാണ്‌. സെപ്‌തംബർ 13 മുതൽ 19 വരെ 17,470 പേരെത്തി. നാല്‌ ലക്ഷത്തോളമാണ്‌ വരുമാനം. സെപ്‌തംബർ 13–514, 14-1256, 15-3055, 16-3869, 17-3969, 18-2305, 19-2502 എന്നിങ്ങനെയാണ്‌ സന്ദർശകരെത്തിയത്‌. കൽപ്പറ്റയിൽനിന്ന്‌ 17 കിലോമീറ്ററാണ്‌ കാരാപ്പുഴയിലേക്ക്. ബത്തേരിയിൽനിന്ന്‌ 16 ഉം മാനന്തവാടിയിൽനിന്ന്‌ 40.2 കിലോമീറ്ററുമുണ്ട്‌. ദേശീയപാത 766ൽ കാക്കവയൽ ജങ്‌ഷനിൽനിന്ന്‌ 5.40 കിലോമീറ്റർ സഞ്ചാരിച്ചാൽ വിനോദ സഞ്ചാരകേന്ദ്രത്തിലെത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!