Connect with us

Kerala

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ, സ്വയംചികിത്സ അപകടം

Published

on

Share our post

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ. ഈ സമയത്ത്‌ 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സമയത്തിനിടെ ഏറ്റവും കൂടുതൽപ്പേർ മരിച്ചത് കോഴിക്കോട് ജില്ലയിലാണ്, 18 പേർ. 80 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയിൽ 12 പേർ, മലപ്പുറത്ത് 10, തിരുവനന്തപുരത്തും തൃശ്ശൂരിലും ഒൻപതുപേർ വീതവും മരിച്ചു. എല്ലാ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 128 പേർക്കാണിവിടെ രോഗം ബാധിച്ചത്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന കുറച്ച് മലിനജലത്തിൽനിന്നുപോലും എലിപ്പനിവരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കൾ പ്രവേശിക്കുന്നത്. “മഴ ഒഴിയുന്ന സാഹചര്യത്തിലാണ് എലിപ്പനി സാധാരണ കൂടുന്നത് ” -കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആർ.എം.ഒ.യുമായ ഡോ.ഇ. ഡാനിഷ് പറയുന്നു.

രോഗലക്ഷണങ്ങൾ വരുമ്പോൾ പലരും സ്വയംചികിത്സ നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്. ചികിത്സതേടാൻ വൈകുന്നതാണ് എലിപ്പനിമരണം കൂടുന്നതിനുള്ള പ്രധാന കാരണം. വിദഗ്‌ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാവുമെന്നും അദ്ദേഹം പറയുന്നു.എലിപ്പനി 10 ശതമാനം രോഗികളിൽ മാരകമായിത്തീരാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. എലിയാണ് പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും കന്നുകാലികൾ, പന്നി, നായ, പൂച്ച എന്നിവ വഴിയും പകരാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം ജലാശയങ്ങളിലും ഓടകളിലെയും കൃഷിയിടങ്ങളിലെയും വെള്ളത്തിലും മറ്റും കലരുന്നതുവഴിയാണ് രോഗം പിടിപെടുന്നത്.

ലക്ഷണങ്ങൾ, സാധ്യതകൾ

  • ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും.
  • കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം
  • എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രംവഴി പകരാം.
  • മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത്
  • വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു

പ്രതിരോധ മാർഗങ്ങൾ

  • മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക
  • പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക
  • കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക
  • ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക
  • കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ)
  • ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക
പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ
  • മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം
  • ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
  • ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം.
  • രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം.

Share our post

Kerala

സിദ്ധാർഥന്റെ മരണം; പൂക്കോട് സർവകലാശാലയിൽ നിന്ന് 19 വിദ്യാർഥികളെ പുറത്താക്കി

Published

on

Share our post

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാ​ഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്. മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആ അപ്പീൽ പരി​ഗണിച്ച കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല ആന്റി റാ​ഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരി​ഗണിച്ചാണ് 19 വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാ​ഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.


Share our post
Continue Reading

Kerala

മാനന്തവാടിയിൽ 252 ലിറ്റർ വിദേശമദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

Published

on

Share our post

മാനന്തവാടി: മൂന്ന് വർഷമായി മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളിൽ വ്യാപകമായി മാഹി മദ്യം വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട് കസബ ഗാന്ധി റോഡ് തൊടിയിൽ ജ്യോതിഷ് ബാബു (37), പുൽപ്പള്ളി പാക്കം വെളു കൊല്ലി വട്ടവയൽവി.ടി.അജിത്ത് (28) എന്നിവരെയാണ് ബുധനാഴ്ച രാത്രി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 252 ലിറ്റർ മാഹി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ജ്യോതിഷിന്റെ മാനന്തവാടിയിലെ വാടക വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ഏറെ നാളായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kerala

പോക്‌സോ കേസുകൾ അന്വേഷിക്കാന്‍ പോലീസില്‍ ഇനി പ്രത്യേക വിഭാഗം

Published

on

Share our post

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകൾ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത് ഈ വിഭാഗമായിരിക്കും. നാല് ഡി.വൈ.എസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്.ഐ മാര്‍ക്കായിരിക്കും യൂണിറ്റിന്റെ ചുമതല. 2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്‍കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!