ഗേറ്റിൽ തല കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ച വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

താനൂർ : അയൽവാസിയുടെ വീട്ടുമുറ്റത്ത് റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിൽ തല കുടുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ച വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. പൊന്മുണ്ടം വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ കുന്നശേരി അബ്ദുൽ ഗഫൂറിന്റെയും കുറുക്കോളിലെ പാറയിൽ സജ്‌ലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഇന്നലെ മരിച്ചത്. വിവരമറിഞ്ഞ് ആസ്പത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടിൽ കുന്നശ്ശേരി വീട്ടിൽ ആസിയ (51) കുഴഞ്ഞു വീഴുകയായിരുന്നു.
വ്യാഴം വൈകിട്ട് പള്ളിയിലേക്ക് പോകുന്നതിനായി അയൽവീട്ടിലെ ഗേറ്റിലൂടെ കടന്നപ്പോഴാണ് ദുരന്തം. വീട്ടുകാർ ഹജ്ജിന് പോയതിനാൽ ആളുണ്ടായിരുന്നില്ല. അതുവഴി പോയ അയൽവാസിയാണ് കുട്ടിയുടെ തല കുടുങ്ങിയത് ആദ്യം കണ്ടത്. ഷോക്കേറ്റ് നിൽക്കുകയാണെന്ന് കരുതി മതിൽ ചാടിക്കടന്ന് വീട്ടിലെ മെയിൻസ്വിച്ച് ഓഫ് ചെയ്ത് ഗേറ്റ് വലിച്ചുതുറന്ന് കുട്ടിയെ പുറത്തെടുത്തു. ഉടനെ തിരൂർ ജില്ലാ ആസ്പത്രിയിലും കോട്ടക്കലിലെ സ്വകാര്യാസ്പത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരൂർ എം.ഇ.ടി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. സഹോദരി: അസ്മ ഹൈവ. ഖബറടക്കം വെള്ളിയാഴ്ച വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.