5000 പേര്‍ക്ക് സൗജന്യ പത്താം തരം തുല്യതാ കോഴ്‌സുമായി ‘പത്താമുദയം’

Share our post

5000 പേര്‍ക്ക് സൗജന്യമായി പത്താം തരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കി പത്താമുദയം രണ്ടാം ഘട്ടം. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയാണ് പത്താമുദയം. അഞ്ച് വര്‍ഷം കൊണ്ട് ജില്ലയിലെ 17 വയസിനും 50 വയസിനും ഇടയിലുള്ള മുഴുവന്‍ പേരെയും പത്താം തരം വിദ്യാഭ്യാസ യോഗ്യതയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പത്താം തരം വിജയിച്ച വനിതകള്‍ക്ക് സൗജന്യമായി വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ ചേരാനും അവസരം നല്‍കും.ജൂണ്‍ 30 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കും. കുടുംബശ്രീ വഴി തയ്യാറാക്കുന്ന ലിസ്റ്റിലുള്ളവരെ പ്രേരക്മാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തും. യോഗ്യതയുള്ള അധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി ജൂലൈ 28 ന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍.

ഒന്നാം ഘട്ടത്തില്‍ 38 പഠനകേന്ദ്രങ്ങളിലായി 2800 പേര്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നു. അറുപത് പേര്‍ക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പത്താമുദയം രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി പി സന്തോഷ് കുമാര്‍, ടി.വി ശ്രീജന്‍, സജി തോമസ്, ജിബിന്‍, ശ്രീജിത്ത്, എ.പി അസീറ, വി.ആര്‍.വി ഏഴോം തുടങ്ങിയവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!