അമിതവേഗത്തില്‍ കാര്‍, ബസ് ഓടിക്കുന്നത് ഫോണ്‍ വിളിച്ച്; ബെംഗളൂരു-മൈസൂരു പാതയില്‍ എ.ഐ ക്യാമറ പണിതുടങ്ങി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 12,000 നിയമ ലംഘനങ്ങള്‍. പിഴ അടയ്ക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടുവരും. കര്‍ണാടക ആര്‍.ടി.സി. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ട്രാഫിക്-റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാര്‍ എക്‌സില്‍ പോസ്റ്റുചെയ്തു.
രാത്രിയായാലും പകലായാലും ബെംഗളൂരു-മൈസൂരു പാതയില്‍ ക്യാമറകളുടെ കണ്ണുവെട്ടിച്ച് നിയമ ലംഘനം നടത്താനാകില്ലെന്നും അലോക് കുമാര്‍ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചതിനും ഫോണ്‍ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതല്‍ കേസുകള്‍. പാതയില്‍ പോലീസിന്റെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15 ദിവസംകൊണ്ട് 12192 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും കര്‍ണാടക പോലീസ് എക്‌സില്‍ പോസ്റ്റുചെയ്തു.
പാതയില്‍ ഗതാഗത നിയമലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് 60 എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചത്. 60 ക്യാമറകളില്‍ 48 എണ്ണം ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നിഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകളാണ്. പാതയിലെ മൂന്നുസ്ഥലങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍.എച്ച്.എ.ഐ.) വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
നിയമലംഘനങ്ങളും അപകടങ്ങളും കൂടിയതോടെ കഴിഞ്ഞ ജൂലായില്‍ ദേശീയപാതാ അധികൃതര്‍ വിദഗ്ധസമിതിയെ നിയോഗിച്ച് സുരക്ഷാപരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചത്.
പാതയില്‍ ഓരോ രണ്ടുകിലോമീറ്ററുകള്‍ക്കുള്ളിലും എ.ഐ. ക്യാമറകളുണ്ട്. വാഹനങ്ങളുടെ ചിത്രവും നമ്പര്‍പ്ലേറ്റുകളും ക്യാമറകള്‍ ചിത്രീകരിക്കും. ട്രാക്ക് തെറ്റിക്കുന്നതും തെറ്റായദിശയില്‍ വാഹനം ഓടിക്കുന്നതുമാണ് പാതയില്‍ക്കാണുന്ന പ്രധാന നിയമലംഘനങ്ങള്‍.