ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 25 കോടി തട്ടിയയാൾ അറസ്റ്റിൽ

Share our post

കണ്ണൂർ : ഷെയർ ട്രേഡിങ്ങിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കണ്ണൂർ കൂവേരി എൽ.പി സ്‌കൂളിനു സമീപം കല്ലൂർവീട്ടിൽ (ഇപ്പോൾ കണ്ണൂർ ചിറയ്ക്കൽ പുതിയതെരുവിലെ അപ്പാർട്ട്‌മെന്റിൽ താമസം) സുനീഷ് നമ്പ്യാരെയാണ് (46) കൊച്ചി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്‌തത്‌. ‘നാം ഇൻഡെക്‌സ് ഡെറിവേറ്റീവ്‌സ്’ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ്.

ഷെയർ ട്രേഡിങ്‌ ബിസിനസ്‌ നടത്തുന്ന സ്ഥാപനമാണിതെന്നും ഷെയർ മാർക്കറ്റിൽ വിദഗ്‌ധനാണെന്നും ലണ്ടനിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്നുവെന്നും ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. നിക്ഷേപിക്കുന്ന തുകയ്ക്ക് 25 മുതൽ 30 ശതമാനംവരെ വാർഷിക ലാഭവും വാഗ്ദാനം ചെയ്തു. ഗൾഫിൽ ജോലിയുണ്ടായിരുന്ന രണ്ടുപേരാണ് ആദ്യം തട്ടിപ്പിനിരയായത്. നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം നൽകി അവർ വഴി ഗൾഫിലുള്ള നൂറിൽപ്പരം ആളുകളെ കബളിപ്പിച്ചു. ഡോക്ടർമാർ, വ്യവസായികൾ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ തട്ടിപ്പിനിരയായി.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എറണാകുളം മേഖല എസ്‌.പി എ.ജി. ലാൽ, ഡി.വൈ.എസ്‌.പി വി. റോയ് എന്നിവരുടെ നേതൃത്വത്തിൽ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ടി.എം. സൂഫി, എസ്.ഐ.മാരായ പി.ഇ. സാജു, അബ്ദുൾ നാഷർ, എ.എസ്.ഐ വി.ജി. രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!