ഡ്രൈവിങ് ലൈസന്‍സ്: സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരേ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്.
ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം എന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.
പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചുവടെ:
* ഇടതുവശത്ത് ക്ലച്ചും ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ റോഡ് ടെസ്റ്റിന് ഉപയോഗിക്കരുത്.
* മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ പാദത്താല്‍ ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ള മോട്ടോര്‍ സൈക്കിളില്‍ മാത്രമാകും ടെസ്റ്റ്.
* 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കരുത്.
* ഓട്ടോമാറ്റിക് ഗിയര്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ടെസ്റ്റിന് അനുവദിക്കില്ല.
* ടെസ്റ്റ് വാഹനങ്ങളില്‍ ഡാഷ് ബോര്‍ഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം എന്നിവ ഉണ്ടായിരിക്കണം.
* മോട്ടോര്‍ മെക്കാനിക്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് യോഗ്യത ഉള്ളവരെ മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കാവൂ.