ആട്ടം നിലച്ച് അമ്മത്തൊട്ടിലുകൾ; പാതിയും പ്രവർത്തനരഹിതം

Share our post

കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സംരക്ഷണത്തിന് സ്ഥാപിച്ച അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതം. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും പാതിവഴിയിലായ നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കാരണം ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്.

കോഴിക്കോട് ആധുനിക അമ്മത്തൊട്ടിൽ നിർമാണം പുരോഗമിക്കുന്നതേയുള്ളൂ. കൊച്ചിയിൽ എറണാകുളം ജനറൽ ആസ്പത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിൽ സാങ്കേതികകാരണങ്ങളാൽ മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇടുക്കി, വയനാട് ജില്ലകളിലും തൊട്ടിലുകൾ പ്രവർത്തിക്കുന്നില്ല. കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്രവർത്തനക്ഷമമല്ല.

എവിടെയെന്നറിയില്ല

ഒരു കുഞ്ഞു ജീവന്‍പോലും അനാഥമാകരുതെന്ന ചിന്തയിലാണ് 2002-ല്‍ കേരളത്തില്‍ അമ്മത്തൊട്ടില്‍ തുറന്നത്. തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14-നാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുണ്ടെന്ന് അറിയിപ്പുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഇവ അനായാസം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.

പോര്‍ട്ടബിള്‍ വന്നില്ല

മാറ്റിസ്ഥാപിക്കാവുന്ന (പോര്‍ട്ടബിള്‍) ഹൈടെക് അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ ശിശുക്ഷേമസമിതി കഴിഞ്ഞവര്‍ഷം തീരുമാനിച്ചിരുന്നു. ആധുനിക അമ്മത്തൊട്ടിലുകള്‍ പൂര്‍ണമാകുമ്പോള്‍ തിരുവനന്തപുരം ശിശുക്ഷേമസമിതി ആസ്ഥാനത്തിരുന്ന് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയും. ഏത് അമ്മത്തൊട്ടിലില്‍ കുട്ടിയെത്തിയാലും വാട്‌സാപ്പിലും മെയിലിലും വിവരം ഓഫീസില്‍ ലഭിക്കും. ഒരു അമ്മത്തൊട്ടിലിന് കുറഞ്ഞത് 15-20 ലക്ഷംരൂപ ചെലവുവരും. കഴിഞ്ഞ 22 വര്‍ഷത്തിനിടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ കിട്ടിയത് 599 നവജാതശിശുക്കളെയാണ്.

സാമ്പത്തികപ്രതിസന്ധിയുണ്ട്

അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ എം.എല്‍.എ. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമസമിതി സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്. കോഴിക്കോട് എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് ബീച്ച് ആസ്പത്രിയില്‍ നിര്‍മാണം ആരംഭിച്ചു- ജി.എല്‍. അരുണ്‍ ഗോപി, സംസ്ഥാനസെക്രട്ടറി, ശിശുക്ഷേമസമിതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!