പേരാവൂരിൽ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

പേരാവൂർ : സ്റ്റേഷൻ പരിധിയിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയോടെ. വായന്നൂർ എൽ.പി സ്‌കൂളിലെ 156-ആം നമ്പർ ബൂത്തിൽ രാത്രി ഒൻപതോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇവിടെ വൈകിട്ട് ആറിന് ശേഷം ക്യൂ നിന്ന 288 പേർക്ക് ടോക്കൺ നല്കിയിരുന്നു.
നമ്പിയോട് വായനശാലയിലെ 126-ആം നമ്പർ ബൂത്തിൽ ആറ് മണിക്ക് 250 പേർക്കാണ് ടോക്കൺ നല്കിയത്. ഇവിടെ രാത്രി 8.10 ഓടെ വോട്ടെടുപ്പ് പൂർത്തിയായി. മുരിങ്ങോടി കൈരളി വായനശാലയിലെ 125-ആം നമ്പർബൂത്തിൽ ആറിന് ശേഷം 64 പേർക്ക് ടോക്കൺ നല്കുകയും ഏഴു മണിയോടെ വോട്ടെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു.
പേരാവൂർ സ്റ്റേഷൻ പരിധിയിൽ നിരവധി പ്രശ്‌ന ബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള ബൂത്തുകളും ഉണ്ടായിരുന്നെങ്കിലും യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല. ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് പേരാവൂർ മേഖലയിൽ ഏർപ്പെടുത്തിയിരുന്നത്.