കോഴ്സുകൾ മാറ്റി; വീണ്ടും പഠന ബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയാതറിയാതെ അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യസർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്‌സുകളുമായി ബന്ധപ്പെട്ട പഠനബോർഡുകളാണ് രൂപവത്കരിച്ചത്.മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസ്, ആയുർവേദം, എൻജിനിയറിങ് വിഭാഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്.
കേരള ആരോഗ്യ സർവകലാശാല 2010-ൽ നിലവിൽ വന്നതോടെ മറ്റ് സർവകലാശാലകൾക്ക് കീഴിലുണ്ടായിരുന്ന മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളെല്ലാം അതിന് കീഴിലായി. 2014-ലാണ് സാങ്കേതികസർവകലാശാല നിലവിൽ വന്നത്. അതോടെ എൻജിനിയറിങ് കോഴ്‌സുകൾ അങ്ങോട്ടേക്കും മാറ്റി. മോഡേൺ മെഡിസിൻ വിഭാഗത്തിൽ ആറും ഹെൽത്ത് സയൻസിൽ രണ്ടും ആയുർവേദത്തിൽ മൂന്നും പഠനബോർഡുകളാണുള്ളത്. ഫാർമസി, ഡന്റിസ്ട്രി, എൻജിനിയറിങ് വിഭാഗങ്ങളിൽ ഓരോന്നും.
സപ്ലിമെന്ററി പരീക്ഷകൾ നടത്താനും തുല്യതാ സർട്ടിഫിക്കറ്റുകൾ അനുവദിക്കാനും പഠനബോർഡുകൾ ആവശ്യമുള്ളതിനാലാണ് ഇവ വീണ്ടും രൂപവത്കരിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. മാറ്റിയ പല കോഴ്‌സുകളുടെയും സപ്ലിമെന്ററി പരീക്ഷകൾ നടത്താതായിട്ട് വർഷങ്ങളായി. സപ്ലിമെന്ററി പരീക്ഷ നടത്താനുള്ള ചുമതല പരീക്ഷാബോർഡിനുള്ളപ്പോഴാണ് ഇതിനുവേണ്ടി പഠനബോർഡ് നിലനിർത്തുന്നതെന്നത് വിചിത്രവാദമാണെന്ന ആക്ഷേപമുണ്ട്.