പഴശി കനാലിലെ വെള്ളം ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്
മട്ടന്നൂർ: പഴശിപദ്ധതിയുടെ മെയിൻ കനാലിലൂടെ ബുധനാഴ്ച തുറന്നുവിട്ട വെള്ളം രണ്ടാം ദിവസം 30 കിലോമീറ്റർ പിന്നിട്ട് പെരുമാച്ചേരിയിൽ എത്തി. ഇന്ന് ലക്ഷ്യസ്ഥാനമായ പറശിനിക്കടവ് നീർപ്പാലത്തിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. 46.5 കിലോമീറ്റർ കനാലിൻ്റെ ശേഷി പരിശോധിക്കാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസവും വിജയമായിരുന്നു. 16 വർഷങ്ങൾക്ക് ശേഷമാണ് പദ്ധതിയുടെ മെയിൽ കനാൽ വഴി 46.5മീറ്റർ വെള്ളം ഒഴുക്കാനുള്ള ശ്രമം നടത്തിയത്.
കോടികൾ മുടക്കി കനാൽ നവീകരിച്ചതിന് ശേഷമുള്ള ആദ്യ പരീക്ഷണമാണിത്. ബുധനാഴ്ച്ച രാവിലെ 9.45ഓടെ പദ്ധതയിൽ നിന്നും കനാലിലേക്കുള്ള മൂന്ന് ഷട്ടറുകളും പത്ത് സെന്റിമീറ്റർ വീതം ഉയർത്തി
ഒന്നര മണിക്കൂർ കൊണ്ട് രണ്ട് കിലോമീറ്റർ വെള്ളം ഒഴുകിയെത്തി. ഇത് പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലായിരുന്നു. ഒന്നര കിലോമീറ്ററുള്ള വെളിയമ്പ്ര ടണലിലേക്ക് വെള്ളം പ്രവേശിച്ചതോടെ മൂന്ന് ഷട്ടറുകളും 20 സെൻ്റീ മീറ്റർ കൂടി ഉയർത്തി ഒഴുക്കിന്റെ ശക്തികുട്ടി.
ഒഴുകി പ്രതീക്ഷകളും കടന്ന്
ആദ്യ ദിനം 24 മണിക്കൂർക്കൊണ്ട് പതിനഞ്ച് കിലോമീറ്ററെങ്കിലും വെള്ളം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ജലസേചന വിഭാഗം അധിക്യതർ. കഴിഞ്ഞവർഷം പദ്ധതിയിൽ നിന്നും മെയിൻ കനാൽ വഴി 13.5 കിലോമീറ്റർ വെള്ളം എത്തിക്കുന്നതിന് ഒരാഴ്ച്ചയോളം എടുത്തിരുന്നു. പുഴയിൽ നീരൊഴുക്ക് കുറഞ്ഞതായിരുന്നു അന്ന് കാരണം. ഷട്ടർ തുറന്ന് ആദ്യ ആറു മണിക്കുറിനുള്ളിൽ തന്നെ പത്ത് കിലോമീറ്റർ പിന്നിട്ടത് അധികൃതരുടെ കണക്കുട്ടലുകൾക്കും അപ്പുറമായിരുന്നു.
2008-ൽ അവസാനമായി മെയിൻ കനാൽ വഴി വെള്ളം ഒഴുക്കിയപ്പോൾ ഏഴ് ദിവസം വേണ്ടി വന്നു. പറശിനിക്കടവ് നിർപ്പാലം വരെ എത്താൻ മാഹി ഉപകനാൽ വഴി വളയാൽ മുതൽ പാത്തിപ്പാലം വരെയുള്ള 16 കിലോമീറ്ററും ഇന്നലെ പിന്നിട്ടു.
അടുത്ത വർഷം ഡിസംബറോടെ പദ്ധതിയിൽ നിന്നും മെയിൻ കനാൽ വഴിയും 75.4 കിലോമീറ്റർ ഉപകനാലുകൾ വഴിയും 280 കിലോമീറ്റർ കൈക്കാനലുകൾ വഴിയും വെള്ളം എത്തിക്കാനുള്ള ശ്രമത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഇപ്പോഴത്തെ വിജയം.
