പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Share our post

മൊബൈല്‍ഫോണും ഒളിക്യാമറയും ഉപയോഗിച്ച് ശൗചാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് ചുള്ളിമട കന്നുകുടിയാര്‍ ഹൗസ് ഡി. ആരോഗ്യസ്വാമിയെ (28) ആണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചിക്കോട്ടുള്ള വീടും സ്ഥലവും വിറ്റ് ഒരുവര്‍ഷത്തോളമായി പഴണിയാര്‍പാളയത്താണ് ഇയാള്‍ താമസിക്കുന്നത്. പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഒളിഞ്ഞിരുന്ന് പകര്‍ത്തിയശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് വ്യാജ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് രാത്രിയില്‍ പെണ്‍കുട്ടികളെ ഫോണില്‍ വീഡിയോകോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് പോലീസ് കേസെടുത്തത്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ഐ.ടി. നിയമം, പോക്‌സോ നിയമം, സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയവ പ്രകാരമാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച ഫോണ്‍, വ്യാജ ഐ.ഡി.കള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

സാമൂഹികമാധ്യമങ്ങള്‍ വഴി ഇയാള്‍ ഒട്ടേറെപ്പേര്‍ക്ക് അശ്ലീല സന്ദേശം അയച്ചതായും പോലീസ് പറഞ്ഞു. സി.ഐ. വി. ജയപ്രകാശ്, എസ്.ഐ. ബി. പ്രമോദ്. എ.എസ്.ഐ. എന്‍. സൈറാബാനു, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരയ എന്‍. സുമതി, സി. രവീഷ്, സിവില്‍പോലീസ് ഓഫീസര്‍മാരായ പി. ഋഷികേശ്, എം. സനല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!