ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കൊണ്ടുവന്ന മൂന്ന് ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

Share our post

ഡൽഹി: ഇന്ത്യൻ ശിക്ഷാനിയമത്തിന് അടക്കം പകരമായി അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പിൻവലിക്കാൻ തീരുമാനവുമായി കേന്ദ്രം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരം അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പിൻവലിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് പിൻവലിക്കുക.

ഈ ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നെങ്കിലും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐപിസി) പകരം ഭാരതീയ ന്യായസംഹിത, ക്രിമിനൽ നടപടിച്ചട്ടത്തിന് (സിഐർപിസി) പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബില്ലുകൾ എന്നിവയാണ് അവതരിപ്പിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കഴിഞ്ഞ വർഷകാല സമ്മേളത്തിൽ ബിൽ അവതരിപ്പിച്ചത്.

വിവാഹേതര ലൈംഗിക ബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റമാക്കണമെന്ന് ഭാരതീയ ന്യായ സംഹിതാ ബില്ലിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും വിയോജിപ്പ് രേഖപ്പെടുത്തിയതോടെ ബില്ലുകൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്ററികാര്യ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വീണ്ടും പുതിയ ബില്ലുകൾ ഉടൻ അവതരിപ്പിക്കും.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട്. സുപ്രീം കോടതി വിധിന്യായങ്ങൾക്കും വിരുദ്ധമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് വിയോജിപ്പെന്നാണ് ഉന്നതവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് കേന്ദ്രമന്ത്രിസഭ വിയോജിപ്പ് രേഖപ്പെടുത്തിയത്.

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. ‌എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!