വാടകക്കെട്ടിടത്തിൽ നിന്ന് മോചനംകാത്ത് പേരാവൂർ അഗ്നിരക്ഷാ നിലയം

പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ പ്രവർത്തനംതുടങ്ങിയത് മുതൽ ഈ കെട്ടിടത്തിലാണ് നിലയത്തിന്റെ പ്രവർത്തനം.
പേരാവൂർ ബ്ലോക്കിലെ കോളയാട്, മാലൂർ, പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ട ഏക കേന്ദ്രമാണിത്. മണ്ണിടിച്ചിലും വാഹനാപകടങ്ങളും നിരന്തരം ഉണ്ടാകുന്ന ബോയ്‌സ് ടൗൺ ചുരം പാതയിലും നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും പെട്ടെന്നെത്താൻ ഈ അഗ്നിരക്ഷാനിലയത്തിന് കഴിയും.
ഇതൊക്കെയാണെങ്കിലും ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഏറ്റവുമധികമുണ്ടായ മലയോര പഞ്ചായത്തുകളിലെ ഏക ആശ്രയമായ ഈ നിലയത്തിന്റെ ആവശ്യങ്ങളോട് അധികൃതർ കണ്ണടക്കുകയാണ്.
രണ്ട് വലിയ ഫയർ എൻജിനുകൾ, ഒരു എം.യു.വി. (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ), ഒരു എഫ്.ആർ.വി. (ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ), ആംബുലൻസ് എന്നിവയ്ക്ക് നിർത്തിയിടാൻ ആവശ്യത്തിന് സ്ഥലസൗകര്യമില്ല. 15 വർഷം മുൻപ് നിലയത്തിന് നല്കിയ ജീപ്പ് പഴകി ഉപയോഗശൂന്യമായെങ്കിലും പകരം ജീപ്പ് ഇതുവരെയും നല്കിയിട്ടില്ല. മാസം ഇരുപതിനായിരം രൂപയാണ് കെട്ടിടത്തിന് വാടക നൽകുന്നത്. 38 സ്ഥിരം ജീവനക്കാരിൽ 34 പേരാണ് ഇവിടെയുള്ളത്.
പുറമെ ദിവസവേതനത്തിൽ തൊഴിലെടുക്കുന്ന നാല് ഹോം ഗാർഡുമാരുമുണ്ട്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മതിയായ ഇരിപ്പിടംപോലും ഇവിടെയില്ല.
ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം വർഷം 15 കഴിഞ്ഞിട്ടും ആയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട വിവിധ ഉപകരണങ്ങൾ സൂക്ഷിക്കാനിടമില്ലാത്തതിനാൽ കെട്ടിടത്തിന്റെ പുറത്ത് കൂട്ടിയിട്ടനിലയിലാണ്.
സ്ഥലം അനുവദിച്ചെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി
പേരാവൂർ പഞ്ചായത്ത് ബംഗളക്കുന്ന്-പെരിങ്ങാനം റോഡിൽ ഏറ്റെടുത്ത ഭൂമിയിൽനിന്ന് 20 സെന്റ് സ്ഥലം അഗ്നിരക്ഷാനിലയത്തിന് നല്കിയെങ്കിലും വകുപ്പുതല നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
അവശ്യസേവനങ്ങളിലൊന്നായ അഗ്നിരക്ഷാ നിലയത്തിന്റെ സ്ഥലമേറ്റെടുപ്പും അനുമതിയും വൈകുന്നതിനു പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം. അഗ്നിരക്ഷാനിലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് നവകേരളസദസ്സിൽ നിവേദനം നല്കിയിരുന്നു.