അഞ്ച് ലക്ഷം കവർന്ന കേസ്; ചമ്പാട് സ്വദേശി പിടിയിൽ
പാനൂർ: യുവാവിനെ ആക്രമിച്ച് അഞ്ച് ലക്ഷം കവർന്ന കേസിൽ ചമ്പാട് സ്വദേശി പിടിയിൽ. അരയാക്കൂലിലെ താവുപുറത്ത് ടി.പി. പ്രിയേഷാണ് പിടിയിലായത്. പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് അഞ്ച് ലക്ഷത്തോളം രൂപ പാറാട് വെച്ച് തട്ടിപ്പറിച്ചെന്നാണ് കേസ്.
ഇതോടെ കേസിൽ ഒമ്പത് പേർ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാനൂർ ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നിർദേശ പ്രകാരം എസ്.ഐ രാജീവൻ ഒതയോത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ശ്രീജിത്ത്, ജോഷിത്ത്, മിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി.പി.എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ്, ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്ർ, കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ്, സായിഷ് എന്നിവരാണ് നേരത്തേ പിടിയിലായത്.
