കാണുന്ന ലിങ്കുകളെല്ലാം ക്ലിക്ക് ചെയ്താല്‍ പണി കിട്ടും: അക്കൗണ്ട് പൂട്ടും, ഫോണിലുള്ളതെല്ലാം ചോരും

സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്‍ക്കളം സ്വദേശിയായ യുവതി ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു.
ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ നിന്നും വീണ്ടും തുറക്കാനാകാത്ത നിലയില്‍ ലോഗ് ഔട്ട് ആകുകയും ചെയ്തു. പിന്നീട് പണമാവശ്യപ്പെട്ട് സന്ദേശങ്ങളെത്തിത്തുടങ്ങി. ഇതോടെ സംഭവം ഗുരുതരമാണെന്നു മനസ്സിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കി.
സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നു വന്ന സന്ദേശമല്ലേ എന്നു കരുതിയാണ് യുവതി ലിങ്ക് തുറന്നത്. ഉടന്‍ ഫോണ്‍ കുറച്ചുനേരം പ്രവര്‍ത്തനരഹിതമായി. വീണ്ടും ഓണ്‍ ചെയ്തുനോക്കിയപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ട വിവരമറിയുന്നത്. സന്ദേശമയച്ച സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് അയാളുടെ അക്കൗണ്ടും കുറച്ചു ദിവസം മുന്‍പ് സമാനരീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി അറിഞ്ഞത്.
പിന്നീട് യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സുഹൃദ്പട്ടികയിലുള്ള പലര്‍ക്കും സമാനരീതിയിലുള്ള സന്ദേശങ്ങള്‍ ലഭിച്ചു. പണം ആവശ്യപ്പെട്ടും സന്ദേശമെത്തി. ഇതോടെ യുവതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യിച്ച് പൂട്ടി.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ യാഥാര്‍ഥ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പിനായി സന്ദേശങ്ങള്‍ എത്തിയത്.ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കിയാല്‍ പണം, ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തിയാല്‍ പണം, ഗീവ് എവേ സമ്മാനങ്ങള്‍ എന്നിങ്ങനെ പല രീതിയിലുള്ള സന്ദേശങ്ങളയച്ച് തുടരുകയാണ് തട്ടിപ്പ്.
നെറ്റ്‌വര്‍ക്ക് ഹാക്ക്
മള്‍ട്ടിലെവല്‍ ബിസിനസ് മാതൃകപോലെയാണ് പുതിയ ഹാക്കിങ് രീതി. എതെങ്കിലും വ്യാജ അക്കൗണ്ടില്‍നിന്ന് ഹാക്ക് ലിങ്ക് ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ എല്ലാവരിലേക്കും അയയ്ക്കും.
പണം ലഭിക്കുമെന്നതാകും ഉള്ളടക്കം. ലിങ്ക് തുറക്കുന്നതോടെ അക്കൗണ്ട് പൂര്‍ണമായും ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാകും. പിന്നീട് ഈ അക്കൗണ്ട് ഉപയോഗിച്ചാകും ഹാക്കിങ്. അക്കൗണ്ടിലെ ഫോളോവര്‍മാര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയയ്ക്കും.
പരിചയമുള്ളയാളുടേതായതിനാല്‍ പലരും ലിങ്ക് തുറന്നുനോക്കുകയും ചെയ്യും. ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ട് വഴി തട്ടിപ്പ് തുടരും.
”തട്ടിപ്പിനായി സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ത്തന്നെ ഉപയോഗിക്കുന്നതാണ് പുതിയ രീതി. വലിയതോതിലാണ് ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍. ഒരുകാരണവശാലും പരിചയമുള്ള അക്കൗണ്ടുകളില്‍ നിന്ന് വരുന്ന ലിങ്കുകള്‍പോലും വ്യക്തമായ അറിവ് ലഭിക്കാതെ തുറക്കരുത്. ഇത്തരം അക്കൗണ്ടിലൂടെ നമ്മുടെ ബാങ്ക് വിവരങ്ങള്‍കൂടി ചോര്‍ത്തുന്നുണ്ട്. അതിനാല്‍ ഒ.ടി.പി. ഉള്‍പ്പെടെയുള്ള വിവരങ്ങളും പങ്കുവയ്ക്കരുത്”പാട്ടത്തില്‍ ധന്യാമേനോന്‍ (സൈബര്‍ കുറ്റാന്വേഷക)
സുരക്ഷിതമാക്കാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍
* ഡിജിറ്റല്‍ സുരക്ഷയുടെ പ്രധാനഘടകം ശക്തമായ പാസ്വേഡാണ്.
* വ്യാജ അക്കൗണ്ടുകളില്‍നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്.
* സുഹൃത്തുക്കളുടെ അക്കൗണ്ടില്‍നിന്ന് ലിങ്കുകളോ പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളോ വന്നാല്‍ നേരിട്ടുവിളിച്ച് ഉറപ്പുവരുത്തുക.
* സോഷ്യല്‍മീഡിയ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കുക.
* മൂന്നാം കക്ഷി ആപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ്, അവയുടെ ആവശ്യം കൃത്യമായി പരിശോധിക്കുക. (ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ ലൈക്ക് കൂട്ടാനുള്ള ആപ്പുകള്‍, ഫോട്ടോ, വീഡിയോ,എഡിറ്റ് ചെയ്യാനുള്ള ആപ്പുകള്‍ തുടങ്ങിയവ)
* സൈബര്‍ കുറ്റകൃത്യങ്ങള്‍ പുറത്തു കൊണ്ടുവരുന്ന പോലീസ് വകുപ്പ്, മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ എന്നിവരുടെ പേജുകള്‍കൂടി ഫോളോ ചെയ്യുക.