ബെംഗളൂരു: റോഡിലൂടെ നിയമംപാലിച്ച് കാറോടിച്ചുപോകുമ്പോള്‍ പെട്ടെന്ന് ഇരുചക്രവാഹനത്തിലെത്തുന്നവര്‍ കാര്‍ അവരുടെ ബൈക്കില്‍ തട്ടിയെന്നുപറഞ്ഞ് വാഹനം തടഞ്ഞ് തര്‍ക്കിക്കുന്നു. തിരക്കുള്ള റോഡായതിനാല്‍ കാര്‍ ഇരുചക്രവാഹനത്തില്‍ തട്ടിയോ ഇല്ലയോ എന്ന് കാര്‍ യാത്രികന് ഉറപ്പുണ്ടാകില്ല.
കാര്‍ തട്ടിയിട്ടില്ലെന്ന് മനസ്സിലാക്കുന്നതിനു മുമ്പു തന്നെ ബൈക്ക് യാത്രികര്‍ നഷ്ടപരിഹാരം ആവശ്യപ്പെടും. പണം തന്നില്ലെങ്കില്‍ ആളുകളെ വിളിച്ചുകൂട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഗത്യന്തരമില്ലാതെ കാറിലുള്ളവര്‍ പണംകൊടുത്ത് ഒഴിവാക്കും.
ചിലപ്പോള്‍ മനഃപൂര്‍വം വന്ന് കാറില്‍ ഇടിക്കുകയും ചെയ്യും… ബെംഗളൂരു നഗരത്തില്‍ കുറച്ചുനാളായി കണ്ടുവരുന്ന തട്ടിപ്പുരീതിയാണിത്. വ്യാജ അപകടം സൃഷ്ടിച്ച് കാര്‍യാത്രികരെ കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മലയാളികളുള്‍പ്പെടെ ഒട്ടേറെപ്പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുള്ളത്.
വ്യാജ അപകടമുണ്ടാക്കി കാര്‍ യാത്രികരില്‍ നിന്ന് പണംതട്ടുന്ന സംഭവം നഗരത്തില്‍ കൂടിവരികയാണ്. ട്രാഫിക് സിഗ്‌നലുകളിലാണ് ഇത്തരം സംഭവങ്ങള്‍ അധികവും ഉണ്ടാകുന്നതെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസിന്റെ സേവനം ഇല്ലാത്ത സിഗ്‌നലുകളിലാണ് കവര്‍ച്ചകള്‍ നടക്കുന്നത്.
പച്ച സിഗ്‌നല്‍ തെളിയുമ്പോള്‍ത്തന്നെ കവര്‍ച്ചക്കാര്‍ സ്‌കൂട്ടര്‍ മനഃപൂര്‍വം കൊണ്ടുപോയി കാറില്‍ തട്ടിക്കുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു. പോലീസ് പരിസരത്തില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വ്യാജ അപകടമുണ്ടാക്കുന്നത്. പണം കൊടുത്ത് കുറെ കഴിയുമ്പോഴായിരിക്കും വ്യാജ അപകടമായിരുന്നെന്ന് പലര്‍ക്കും മനസ്സിലാകുന്നത്.
കഴിഞ്ഞ ദിവസം ക്വീന്‍സ് റോഡില്‍നിന്ന് മില്ലര്‍ടാങ്ക് ബെഡ് ഏരിയയിലേക്ക് പോകാന്‍ സിഗ്‌നലില്‍ കാത്തുകിടന്ന കാര്‍യാത്രികനില്‍ നിന്ന് പണംതട്ടാന്‍ ശ്രമിച്ചിരുന്നു. കാലില്‍ കാറിന്റെ ചക്രം കയറിയെന്ന് പറഞ്ഞാണ് സ്‌കൂട്ടര്‍യാത്രികന്‍ പണമാവശ്യപ്പെട്ടത്.
വെറുതേ പറയുന്നതാണെന്ന് അറിയാമായിരുന്നിട്ടും കാര്‍യാത്രികന്‍ ക്ഷമ ചോദിച്ചു. എന്നാല്‍, സ്‌കൂട്ടര്‍ യാത്രികന്‍ തര്‍ക്കിച്ചു. പിന്നീട് കാര്‍ മുന്നോട്ടെടുത്ത് പോവുകയായിരുന്നു.
അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങളെയാണ് അക്രമികള്‍ കൂടുതലായി നോട്ടമിടുന്നത്. ഭാഷയറിയാത്തതും സ്ഥലത്തെക്കുറിച്ചുള്ള പരിചയക്കുറവും മുതലെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. കുറച്ചുനാള്‍ മുമ്പ് മലയാളിയായ ഫിലിപ്പ് ടിജു എബ്രഹാം ഇത്തരം സംഘത്തിന്റെ തട്ടിപ്പിനിരയായിരുന്നു.
പണം കൊടുത്ത വീട്ടിലെത്തിയശേഷമാണ് തട്ടിപ്പായിരുന്നെന്ന് മനസ്സിലായത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഹൈവേകളില്‍ ഇത്തരം സംഭവങ്ങളുണ്ടാകാറുണ്ട്.
ഡാഷ് ക്യാമറ വേണം
വഴിയില്‍ അപരിചിതരുമായി തര്‍ക്കത്തിന് നില്‍ക്കരുതെന്നും അപരിചിതര്‍ അടുത്തുവരുമ്പോള്‍ കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തരുതെന്നും പോലീസ് പറഞ്ഞു.
വാഹനം തട്ടിയെന്നുപറഞ്ഞ് ആരെങ്കിലും സമീപിച്ചാലുടന്‍ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് വാഹനം കൊണ്ടുവരണം. കാറുകളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കുന്നത് അക്രമികളുടെ വാദം പൊളിക്കാന്‍ സഹായിക്കുമെന്നും പോലീസ് നിര്‍ദേശിച്ചു.