വീണ്ടും മാസ്ക് കാലം വരുന്നു, ലക്ഷ്യമിടുന്നത് കൊവിഡിനൊപ്പം മാരകമായ മറ്റൊരു രോഗത്തെ തടുക്കാൻ
മലപ്പുറം: ജില്ലയിൽ എച്ച്1,എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികൾ മാസ്ക് ധരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കും. കൊവിഡിന് സമാനമായി വായുവിലൂടെയാണ് എച്ച്1,എൻ1 വൈറസും പരക്കുന്നത്. കുട്ടികളെയും ഗർഭിണികളെയും പ്രായമായവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം.
മാസ്കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാവുന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. ജില്ലയിൽ നാല് എച്ച്1 ,എൻ1 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നും കുട്ടികളാണ്.ജില്ലയിൽ 2009ന് ശേഷം ഏറ്റവും കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ഇരിങ്ങല്ലൂർ കുഴിപ്പുറത്ത് മൂന്ന് എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഒരു കുട്ടി മരിച്ചു.
ഒഴൂർ ഓമച്ചപ്പുഴ, പറപ്പാറപ്പുറം അങ്ങാടി, പുത്തൻപള്ളി ഭാഗം, മേൽമുറി, പുതിക്കുന്ന്, പെരുംചേരി, തിരുനാവായ, കുറ്റിപ്പുറം, വളാഞ്ചേരി, എടയൂർ, അത്തിപ്പറ്റ, വെങ്ങാട്, വെണ്ടല്ലൂർ എന്നിവിടങ്ങളിലും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. എത്രയും വേഗം ചികിത്സ തേടിയാൽ രോഗം ഗുരുതരമാവാതെ രക്ഷപ്പെടാം.
എലിപ്പനി രൂക്ഷംജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം അനുദിനം ഉയരുന്നുണ്ട്. ജൂൺ മുതൽ അഞ്ച് മരണങ്ങളുണ്ടായി. 55 പേർക്ക് രോഗം സ്ഥിരീകരിച്ചു. സാധാരണ രണ്ടാഴ്ച കൊണ്ടാണ് രോഗം ഗുരുതരമാവാറെങ്കിൽ പൊടുന്നനെ മരണം സംഭവിക്കുന്ന സ്ഥിതിയാണിപ്പോൾ. പനി ബാധിച്ച് മൂന്നാംദിവസം തന്നെ കരളിനെയും വൃക്കയേയും ബാധിക്കുന്നുണ്ട്.
രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോൾ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിൽ മുറിവുകളോ പോറലോ, വ്രണങ്ങളോ ഉണ്ടെങ്കിൽ സാദ്ധ്യത കൂടും. ശരീരത്തിൽ മുറിവുകൾ ഇല്ലെങ്കിലും കൂടുതൽ നേരം മലിനജലത്തിൽ പണിയെടുക്കുന്നവരിൽ ജലവുമായി സമ്പർക്കമുള്ള ത്വക്ക് മൃദുലമാവുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. കണ്ണ്, മൂക്ക്, വായ എന്നിവയുടെ മൃദുല ചർമ്മത്തിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം.
രോഗസാദ്ധ്യത നിലനിറുത്തി ക്ഷീരകർഷകർക്ക് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ നൽകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.എലികളിലൂടെ മാത്രമേ എലിപ്പനി പടരൂ എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്.എലിയെ കൂടാതെ നായ്ക്കൾ, കന്നുകാലികൾ, പന്നി, അണ്ണാൻ എന്നിവയുടെ മൂത്രം, വിസർജ്ജ്യം എന്നിവയിലൂടെയും രോഗം പടരാം. രോഗ സാദ്ധ്യതയുള്ള ഏതെങ്കിലും സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ഡോക്ടറോട് പറയണം. ഇതല്ലെങ്കിൽ രോഗം ഗുരുതരമായ ശേഷമാവും തിരിച്ചറിയാൻ കഴിയുക.
ചളിവെള്ളത്തിൽ കളിച്ച രണ്ട് കുട്ടികൾക്ക് അടുത്തിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഡോ. ജയകൃഷ്ണൻ, അസി.പ്രൊഫസർ, കമ്മ്യൂണിറ്റിമെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്കരുതണം ഡെങ്കിയെജില്ലയിലെ നഗരസഭകളിൽ ഡെങ്കി പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിലമ്പൂർ, പരപ്പനങ്ങാടി, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് കൂടുതൽ സാദ്ധ്യത. 2017ലാണ് ഇതിന് മുമ്പ് നഗരസഭകളിൽ ഡെങ്കി കൂടുതലായി വ്യാപിച്ചത്.
ബോട്ടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് താനൂർ, പരപ്പനങ്ങാടി മേഖലകളിലെ ഭീഷണി. ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ഏറെയും ഡെങ്കി ടൈപ്പ് 3 വൈറസാണ്. 2019ലാണ് ഇതിന് മുമ്പ് ടൈപ്പ് 3 വൈറസ് വ്യാപനമുണ്ടായത്. തമിഴ്നാട്ടിൽ ഡെങ്കി ടൈപ്പ് 4 വൈറസ് വ്യാപിക്കുന്നുണ്ട്. മുമ്പ് ഡെങ്കി ബാധിച്ചയാൾക്ക് ടൈപ്പ് 4 വൈറസ് ബാധിച്ചാൽ സ്ഥിതി ഗുരുതരമാകും. രണ്ട് ടൈപ്പ് 4 ഡെങ്കി കേസുകൾ ഇതിനകം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണത്തിന് പൊതുജനം വേണ്ടത്ര ഗൗരവമേകുന്നില്ല. പൊതുജനാരോഗ്യത്തെ ബാധിക്കും വിധത്തിൽ കൊതുക് വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ കെട്ടിട ഉടമയ്ക്ക് പിഴ ചുമത്താൻ പഞ്ചായത്തുകൾക്ക് നിർദ്ദേശമേകിയിട്ടുണ്ട്. ഡെങ്കി വ്യാപിച്ച കരുവാരകുണ്ടിൽ പിഴ ചുമത്താൻ തുടങ്ങിയതോടെ രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്.
