നഗരം സാമൂഹ്യവിരുദ്ധരുടെ പിടിയിൽ; ഉറക്കമില്ലാതെ കണ്ണൂർ
കണ്ണൂർ: നഗരവും പരിസരങ്ങളും പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും പിടിയിലമർന്നത് കണ്ണൂരിന്റെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി. റെയിൽവേ സ്റ്റേഷനിലെ തീവയ്പ്പിനുതൊട്ടു പിന്നാലെയാണ് ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം ലോറി നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.
നേരം ഇരുട്ടിയാൽ റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം കോംപ്ലക്‌സ് എന്നിവിടങ്ങളിലെല്ലാം സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമാണ്. ആവർത്തിക്കപ്പെടുന്ന തീവയ്പ്പും കൊലപാതകവും പിടിച്ചുപറിയും യാത്രക്കാരെ ഭീതിയിലാഴ്ത്തുമ്പോൾ പൊലീസ് കണ്ണു തുറക്കുന്നില്ല. പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിനു കീഴെയാണ് ഇന്നലെ നടന്ന കൊലപാതകം.
ഒരു മണിക്കൂറിനുള്ളിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പട്രോളിംഗ് നടത്തുന്ന സ്ഥലങ്ങളാണ് റെയിൽ സ്റ്റേഷൻ കിഴക്കെ കവാടവും സ്റ്റേഡിയം പരിസരവും. എന്നിട്ടും പൊലീസ് ഇതൊന്നും കണ്ടില്ല. നടപ്പാതയിൽ ഒരു മണിക്കൂറോളം രക്തം വാർന്ന് കിടന്നാണ് ഇന്നലെ ജിന്റോ എന്ന യുവാവ് മരിക്കുന്നത്.
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഒന്നാം പ്ലാറ്റ് ഫോം പരിസരത്ത് പോലും രാത്രിയായാൽ സാധാരണ യാത്രക്കാർക്ക് ഭീതിയോടെ മാത്രമേ നിൽക്കാൻ പറ്റൂ. നഗരഹൃദയത്തിൽ നിർമ്മാണം നിലച്ച റെയിൽവേ ക്വാർട്ടേഴ്‌സ് സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. 2017 മേയിൽ പണി ആരംഭിച്ച റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഈ ക്വാർട്ടേഴ്‌സ് നോക്കുകുത്തിപോലെ നിൽക്കുകയാണ്. ഇവിടെനിന്ന് ആയുധങ്ങൾ ഉൾപ്പെടെ പിടികൂടിയിട്ടും റെയിൽവേ അധികൃതർക്കും കുലുക്കമില്ല.
കിഴക്കെ കവാടം ഉൾപ്പെടെ പലഭാഗത്തും രാത്രിയായാൽ യാത്രക്കാർക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയില്ല. റെയിൽവേ യാർഡിലെ എട്ടാം ലൈനിന് സമീപമുള്ള താവക്കര പ്രദേശം മുഴുവൻ കാട് പടർന്നുപിടിച്ചിരിക്കുന്നു. മറുഭാഗം ബീവറേജസ് കോർപ്പറേഷന്റെ കൂറ്റൻ മതിൽ. റോഡിലൂടെ പോകുന്നവരുടെയും റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരുടെയും ശ്രദ്ധ പതിയാത്ത ഒളിത്താവളം കൂടിയാണിവിടം. ട്രെയിനിന് തീയിട്ടശേഷം അക്രമി ഇതുവഴിയാണ് നടന്നുപോയിരുന്നതെന്ന് സി.സി.ടി.വി. ദൃശ്യത്തിൽ കണ്ടിരുന്നു.
ഒടുവിൽ റെയിൽവേ സ്റ്രേഷനിൽ നിറുത്തിയിട്ട ട്രെയിൻ തീവയ്പ്പ് സംഭവത്തോടെയാണ് റെയിൽവേ കുറച്ചെങ്കിലും ഉണർന്നത്. സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുന്ന സ്ഥലങ്ങളിലും (യാഡ്) നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണിവർ.റിസ്ക്കെടുക്കാനില്ല!റെയിൽവേ സ്റ്റേഷന്റെ നാലാം പ്ളാറ്റ് ഫോമിന്റെ തെക്കുഭാഗം മുതൽ താവക്കര ഭാഗം വരേയും ഓവർ ബ്രിഡ്ജിന് വടക്കുഭാഗവും ലഹരി സംഘങ്ങളുടെ സുരക്ഷിതമേഖലയായാണ് പറയുന്നത്.
ഇവിടങ്ങളിൽ പൊലീസോ നാട്ടുകാരോ എത്തിപ്പെടില്ല എന്നതാണ് ഇവരുടെ തണൽ. കവർച്ചക്കാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, പിടിച്ചുപറിക്കാർ, മയക്കുമരുന്ന് വില്പന നടത്തുന്നവർ, ലൈംഗിക തൊഴിലാളികളുടെ ഏജന്റുമാർ എന്നിങ്ങനെ പല വിഭാഗത്തിൽപ്പെട്ടവരും എത്തിപ്പെടുന്ന സ്ഥലം. ഇക്കാര്യം പൊലീസിനും ക്യത്യമായി അറിയാമെങ്കിലും ആ ഭാഗത്തേക്ക് പോയി റിസ്‌ക്കെടുക്കാൻ പലപ്പോഴും തയ്യാറാകാറില്ല. നേരത്തെ പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നതാണ്.
.ക്രിമിനലുകൾ തമ്മിൽ സംഘർഷം പതിവ്. പൊലീസിന്റെ കൃത്യമായ പരിശോധനയില്ല
.ലഹരി വസ്തുക്കൾ പിടികൂടിയാലും തുടർനടപടികൾ സ്വീകരിക്കില്ല
.റെയിൽവേ സ്റ്റേഷന്റെ അതിർത്തികൾ മതിൽകെട്ടി സംരക്ഷിക്കുന്നില്ല
.ഇന്നലത്തെ കൊലപാതകം പൊലീസിന്റെ മൂക്കിന് താഴെ
.രാത്രി കാലങ്ങളിൽ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകുന്നില്ല
.ആളൊഴിഞ്ഞ കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു
നഗരമദ്ധ്യത്തിൽ ലോറി ഡ്രൈവറായ യുവാവ് കൊല്ലപ്പെട്ടു എന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. ജനങ്ങൾക്ക് സ്വൈര്യ ജീവിതം നഷ്ടമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ ശക്തമായ നടപടികൾ സ്വീകരിക്കണം.
മേയർ അഡ്വ. ടി.ഒ. മോഹനൻകണ്ണൂർ നഗരം സാമൂഹ്യവിരുദ്ധരുടെയും ലഹരി വിൽപ്പനക്കാരുടെയും കേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണ് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവം. അക്രമങ്ങളും പിടിച്ചുപറിക്കേസുകളും ദിനംപ്രതി വർദ്ധിക്കുമ്പോഴും പൊലീസ് നിസംഗത പാലിക്കുകയാണ്.
എൻ. ഹരിദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്നാഷണൽ പെർമിറ്റ് ലോറികൾക്കും ഡ്രൈവർമാർക്കും സുരക്ഷിതത്വം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് പ്രസക്തിയേറ്റുന്നതാണ് ജിന്റോയുടെ കൊലപാതകം. അസമയത്ത് എത്തിച്ചേരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനും തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഇല്ല.
എ.ഐ.ടി.യു.സി
