മനുഷ്യ സമാനമായ എഴുത്തില്‍ അതിവൈദഗ്ധ്യം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സംവിധാനമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഈ രംഗത്ത് വലിയ കോളിളക്കത്തിനിടയാക്കിയിരിക്കുകയാണ് ഇതിന്റെ വരവ്.
ഏറെ കാലം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് നിലകൊണ്ട ഗൂഗിളിനെ തിരിച്ചടിക്കാന്‍ മൈക്രോസോഫ്റ്റിന് കിട്ടിയ വജ്രായുധം കൂടിയാണ് എഐ ഭാഷാ മോഡലുകള്‍.
അടുത്തിടെയാണ് ചാറ്റ് ജിപിടിയെ നേരിടാനായി ഗൂഗിള്‍ സ്വന്തം എഐ സംവിധാനമായ ബാര്‍ഡ് യുഎസിലും യുകെയിലുമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയത്. ബാര്‍ഡും ചാറ്റ് ജിപിടിയും തമ്മില്‍ താരതമ്യം ചെയ്ത് മീഡിയം.കോമില്‍ താമസ് സ്മിത്ത് എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ബിച്ചോന്‍ ഫ്രൈസെ എന്ന നായ വര്‍ഗം അലര്‍ജിക്ക് കാരണമാകുന്നുണ്ടോ? എന്നത് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റ് എഴുതൂ എന്ന് ബാര്‍ഡിനോടും, ചാറ്റ് ജിപിടിയോടും ഒരുപോലെ ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ഇരു സേവനങ്ങളേയും പരീക്ഷിച്ചത്.
ചോദ്യത്തിന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാര്‍ഡ് മറുപടി പറഞ്ഞപ്പോള്‍ അല്‍പ്പം സമയമെടുത്താണ് ചാറ്റ് ജിപിടി മറുപടികള്‍ നല്‍കിയത്. ബിച്ചോന്‍ ഫ്രൈസെ നായ വര്‍ഗത്തെ കുറിച്ച് 500 വാക്കില്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ബാര്‍ഡ് 10 സെക്കന്റില്‍ താഴെ നേരം കൊണ്ട് 329 വാക്കില്‍ ഉത്തരമെഴുതി. ചാറ്റ് ജിപിടി പ്ലസ് ആകട്ടെ 3 മിനിറ്റ് രണ്ട് സെക്കന്റെടുത്ത് 428 വാക്കുകളില്‍ വിഷയം എഴുതി.
ഗൂഗിള്‍ ബാര്‍ഡ് ചാറ്റ് ജിപിടിയേക്കാള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്താനായി. എന്നാല്‍ ഈ വേഗം എത്രനാള്‍ നില്‍ക്കുമെന്ന് പറയാനാകില്ല എന്ന് തോമസ് ചൂണ്ടിക്കാണിക്കുന്നു. കാരണം ഇപ്പോള്‍ പരിമിതമായ ആളുകള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഗൂഗിള്‍ ബാര്‍ഡ് എത്തിച്ചിരിക്കുന്നത്.
എന്നാല്‍ ചാറ്റ് ജിപിടി ആഗോള തലത്തില്‍ 10 കോടിയാളുകള്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും ഇതിന്റെ സെര്‍വര്‍ ലോഡ് വേഗത്തെ ബാധിക്കും.എന്നാല്‍ വേഗത്തില്‍ മാത്രമാണ് ബാര്‍ഡ് ചാറ്റ് ജിപിടിയെ മറികടന്നത്. എഴുത്തില്‍ പ്രകടനം മികച്ചത് ചാറ്റ് ജിപിടി തന്നെ.
മുകളില്‍ സൂചിപ്പിച്ച വിഷയത്തില്‍ ഒരു ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍, കേവലം പൊതുവായ ചില വിവരങ്ങള്‍ കോര്‍ത്തിണക്കി നല്‍കുക മാത്രമാണ് ബാര്‍ഡ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ വായനക്കാരുള്ള പേജുകളില്‍ നിന്നുള്ള വിവരങ്ങളെ സംഗ്രഹിച്ചാണിതെന്ന് തോമസ് വിലയിരുത്തുന്നു.
എന്നാല്‍ ചാറ്റ് ജിപിടി എഴുതിയ ബ്ലോഗ്‌പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്ലോഗ് പോസ്റ്റിന്റെ ഘടനയില്‍ തന്നെ ആയിരുന്നു. തലക്കെട്ട്, ആമുഖം എന്നിവയില്‍ തുടങ്ങി വിവിധ തലക്കെട്ടുകളില്‍ കാര്യങ്ങള്‍ വിശദമാക്കുകയും ഒടുവില്‍ ഉപസംഹാരവുമെല്ലാം ഉള്‍പ്പെടുന്ന കൂടുതല്‍ മനുഷ്യസമാനമായ ശൈലിയിലുള്ള എഴുത്തായിരുന്നു ചാറ്റ് ജിപിടിയുടേത്.
പ്രത്യക്ഷത്തില്‍ ഇരു സേവനങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്. ഇതിന് പുറമെ ചാറ്റ് ജിപിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാര്‍ഡിന് പരിമിതികള്‍ പലതുമുണ്ട്. കോഡിങ് പോലുള്ള പല ജോലികളും ചെയ്യാന്‍ ബാര്‍ഡിന് സാധിക്കില്ല. നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ശരിയായാലും തെറ്റായാലും എന്തെങ്കിലുമൊക്കെ മറുപടി പറയാന്‍ ചാറ്റ് ജിപിടി ശ്രമിക്കുമെങ്കിലും ബാര്‍ഡ് പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനാകില്ല എന്നാണ് മറുപടി നല്‍കിയത്.
ഇങ്ങെ സമാനമായ പലവിധ ജോലികള്‍ ഇരു പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കിയാണ് തോമസ് സ്മിത്ത് ബാര്‍ഡിനെ പരീക്ഷിച്ചത്. പല നിര്‍ദേശങ്ങളും ഉത്തരം നല്‍കാന്‍ സാധിക്കില്ല എന്നോ ചെയ്യാന്‍ സാധിക്കില്ല എന്നോ ആണ് ബാര്‍ഡ് മറുപടി നല്‍കുന്നത്.
ഇപ്പോഴത്തെ സ്ഥിതിയില്‍ കണ്ടന്റ് ക്രിയേഷന്‍ പോലുള്ള പ്രോഡക്റ്റിവിറ്റി ആവശ്യങ്ങള്‍ക്ക് പ്രാപ്തമല്ല ബാര്‍ഡ് എന്ന് തോമസ് വിലയിരുത്തുന്നു. എന്നാല്‍ ചാറ്റ് ജിപിടി അനുയോജ്യമനാണ്. എങ്കിലും കൂടുതല്‍ പരിശീലനം ലഭിക്കുന്നതോടെ ബാര്‍ഡിന് മികച്ച രീതിയില്‍ മറുപടികള്‍ നല്‍കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.