കെടിയു വിസി നിയമനം: തര്‍ക്കങ്ങള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസി നിയമനത്തിലെ തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്നു കോടതി പറഞ്ഞു.
ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് ഗവര്‍ണര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍,കെടിയൂ വിസി സിസാ തോമസ്, യുജിസി എന്നിവര്‍ ബുധനാഴ്ച തന്നെ സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു.
കെടിയൂ വിസി സ്ഥാനത്തേയ്ക്ക് സിസാ തോമസിനെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. താത്കാലിമാണെങ്കിലും വിസി നിയമനത്തിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം.
സര്‍ക്കാര്‍ വിസി സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുന്നവരുടെ യോഗ്യത വിവരം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സിസാ തോമസിന്റെ യോഗ്യത അറിയിക്കാനും കോടതി പറഞ്ഞു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
