ഹെല്‍മെറ്റിലെ ക്യാമറ നിയമവിരുദ്ധം; മൂന്ന് മാസത്തേക്ക് ലൈസന്‍സ് പോകും
ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്കി. 1000 രൂപ പിഴയും ഈടാക്കും. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ക്യാമറ റെക്കോഡിങ്ങ് സംവിധാനം നല്‍കിയിട്ടുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുമ്പും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 അനുസരിച്ച് പൊതുജനങ്ങള്‍ക്കും വാഹനമോടിക്കുന്നയാള്‍ക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തിയാണിതെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ് അധികൃതരുടെ വാദം. ഇരുചക്ര വാഹനങ്ങളുടെ വേഗത കാണിക്കുന്ന സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങള്‍ ഇത്തരം ക്യമാറകളില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പതിവാണ്.
