തലശേരി പൈതൃക പദ്ധതി ശിൽപശാല ജൂലൈ 23, 24 തീയതികളിൽ
തലശേരി : തലശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാനായി തിരഞ്ഞെടുത്ത അമ്പതിലേറെ അക്രഡിറ്റഡ് ടൂർ ഗൈഡുമാർക്ക് ജൂലൈ 23, 24 തീയതികളിൽ തലശ്ശേരിയിൽ പൈതൃക പദ്ധതി ശിൽപശാലയും ഫാം ടൂറും സംഘടിപ്പിക്കുന്നു. കണ്ണൂർ ഡി.ടി.പി.സി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശേരി പാരീസ് പ്രസിഡൻസിയിലാണ് പരിപാടി. ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷനാവും. തലശ്ശേരി സബ് കലക്ടർ അനുകുമാരി മുഖ്യാതിഥിയാവും.
ചരിത്ര പൈതൃക, മ്യൂസിയം വിദഗ്ധരുടെ ശിൽപശാലയും ആദ്യഘട്ട മ്യൂസിയങ്ങളുടെ നിർമ്മാണ നിർവഹണവും ചടങ്ങിൽ നടക്കും. പൈതൃക പദ്ധതിയിൽ പൂർത്തീകരിച്ചുവരുന്ന ഹെറിറ്റേജ് സൈറ്റുകളെയും മ്യൂസിയങ്ങളെയും ടൂറിസം വിപണന ശൃംഖലകൾക്ക് പരിചയപ്പെടുത്തുകയും വിദഗ്ധരുടെ അഭിപ്രായങ്ങൾ ക്രോഢീകരിച്ച് ആധുനിക രീതിയിലുള്ള, വിപുലമായ വിജ്ഞാനശേഖരവുമുള്ള മ്യൂസിയങ്ങൾ സജ്ജമാക്കുകയുമാണ് ലക്ഷ്യം.