കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികൾ കൂടുതലെന്ന് പഠനം
        കാസർകോട്: സാധാരണ നെൽപ്പാടങ്ങളെ അപേക്ഷിച്ച കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലെന്ന് പഠനം. പടന്നക്കാട് കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി വിഭാഗത്തിലെ ബോബി വി. ഉണ്ണികൃഷ്ണൻ, മണ്ണുശാസ്ത്രവിഭാഗത്തിലെ എൻ.കെ. ബിനിത എന്നീ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേണലായ ഇക്കോളജിക്കൽ ജെനറ്റിക്‌സ് ആൻഡ് ജീനോമിക്‌സിന്റെ ഓൺലൈൻ പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ധാരാളം ജൈവകാർബണുള്ള, ഉപ്പുവെള്ളം കയറിയിറങ്ങുന്ന ജൈവ ആവാസവ്യവസ്ഥയാണ് കൈപ്പാട്. ഏഴോം പഞ്ചായത്തിലെ കൈപ്പാട് നിലങ്ങളിലും പിലിക്കോട് പ്രദേശത്തെ നെൽപ്പാടങ്ങളിലുമായിരുന്നു താരതമ്യപഠനം.
ഇതിൽ കാർബൺ മണ്ണിലേക്കെത്തുന്ന പ്രക്രിയ നടത്തുന്ന ബാക്ടീരിയ, ഗന്ധകം (സൾഫർ), ഇരുമ്പ് (അയേൺ) എന്നിവ സ്വാംശീകരിച്ച് ജീവിക്കുന്ന ബാക്ടീരിയകളുടെ എണ്ണം കൈപ്പാട് നിലങ്ങളിൽ വളരെ കൂടുതലായാണ് കണ്ടെത്തിയത്. കൂടാതെ വയലാസിൻ, ജെർമിസിടിൻ എന്നീ ആന്റിബയോട്ടിക് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയ ഇനങ്ങളെയും കണ്ടെത്തി.
അതിലവണ ആവാസവ്യവസ്ഥയിൽ കാണുന്ന ഫംഗസ് ഇനത്തിൽപ്പെട്ട വല്ലീമിയ ഇവിടെ കൂടുതലുള്ളതെന്നും പഠനം പറയുന്നു. ചെടികളുടെ വളർച്ച ത്വരപ്പെടുത്തുന്നതിനും ജൈവവിഘടനത്തിന് സഹായകരവുമായ ഫംഗസുകളായ മോർട്ടിയറല്ല, പ്രൂസ്സിയ, സാവോറിയെല്ല, ബസീടിയോലോബസ് എന്നിവയും അപൂർവമായ സ്‌മെക്‌റ്റൈറ്റ് എന്ന ധാതുലവണവും കൈപ്പാട് നിലങ്ങളിൽ കൂടുതലുണ്ടെന്ന് പഠനത്തിൽ പറയുന്നു.
