കർണ്ണാടകത്തിൽനിന്നും കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി

കൂട്ടുപുഴ : അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‌ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി. കൂട്ടുപുഴയിലെ വിൽപ്പനശാലയിൽ പന്നിയിറച്ചി ഇറക്കുന്നതിനിടയിലായിരുന്നു വാഹനമുൾപ്പെടെ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏല്പിച്ചത്.
മൃഗസംരക്ഷണ അധികൃതരെത്തി വാഹനം ചെക്ക് പോസ്റ്റിലേക്ക് മാറ്റി. പിഗ്ഗ് ഫാർമേഴ്‌സ് ഭാരവാഹികളായ ജോസ് മാത്യു, സനിൽ സേവ്യർ, ഇ.എസ്. വിനോദ്, ബിനോയ്, രാജു കേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹനം പിടികൂടിയത്.
കിലോയ്ക്ക് 150 രൂപയ്ക്ക് വാങ്ങുന്ന ഇറച്ചി 300 രൂപയ്ക്കാണ് കടകളിൽ നിന്നും വിൽക്കുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്ന് പന്നിമാംസം ഉൾപ്പെടെ കെണ്ടുവരുന്നതിന് 30 ദിവസത്തേക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.