പ്രതികളെ പിടിക്കാനുള്ള ഇതരസംസ്ഥാന യാത്രയ്ക്ക് പോലീസിന് സർക്കാർ അനുമതി വേണ്ട

Share our post

തിരുവനന്തപുരം: പ്രതികളെ പിടികൂടാൻ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഇനിമുതൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ട. പോലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ യാത്രയാകാമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

പ്രതികളെ പിടികൂടുന്നതിനായി ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ യാത്രചെയ്യുമ്പോഴും ആഭ്യന്തരവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് കത്ത് നൽകിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഉത്തരവ്.

എസ്.പി. റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി വാങ്ങി ഇതരസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഡിവൈ.എസ്.പി., എ.സി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണെങ്കിൽ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യുടെയോ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെയോ അനുമതിയോടെ യാത്ര ചെയ്യാം.

സിവിൽ പോലീസ് ഓഫീസർമുതൽ ഇൻസ്പെക്ടർവരെയുള്ള ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെയോ സിറ്റി പോലീസ് കമ്മിഷണർമാരുടെയോ അനുമതിയോടെയോ പോകാം. എസ്.പി. മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷണ ആവശ്യത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകുന്നതെങ്കിൽ അവർക്ക് വകുപ്പുതലത്തിൽ യാത്രാനുമതി നൽകിയശേഷം സർക്കാരിന്റെ സാധൂകരണം തേടാനും നിർദേശിച്ചിട്ടുണ്ട്.

ഒരു കേസിൽ ഒന്നിൽക്കൂടുതൽതവണ യാത്ര ചെയ്യുന്നതിനും അനുമതിക്ക് നിബന്ധനകൾ വെച്ചു. രണ്ടാമത്തെ യാത്രയ്ക്ക് എസ്.പി. മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽനിന്ന് അനുമതി തേടണം. ഡിവൈ.എസ്.പി., എ.സി.പി. തുടങ്ങിയവർ പോലീസ് മേധാവിയിൽനിന്നും സിവിൽ പോലീസ് ഓഫീസർമുതൽ ഇൻസ്പെക്ടർവരെയുള്ളവർ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യുടെയോ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടേയോ അനുമതി വാങ്ങിയും യാത്ര ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!