വെക്കേഷനിൽ പ്രസവിച്ചാലും അവധി പ്രസവത്തീയതിമുതൽ
തിരുവനന്തപുരം: മധ്യവേനലവധിക്കാലയളവിൽ പ്രസവത്തീയതി വരുന്ന അധ്യാപികമാർക്ക് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പ്രസവാവധി അനുവദിക്കുന്നതിന് തടയിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്. മധ്യവേനലവധിക്കാലത്ത് പ്രസവത്തീയതി വരുന്ന പൊതുവിദ്യാഭ്യാസവകുപ്പിലെ വെക്കേഷൻ ജീവനക്കാർക്ക് പ്രസവത്തീയതിമുതൽ പ്രസവാവധി നൽകണമെന്നാണ് പുതിയ നിർദേശം.
പ്രസവത്തോടനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി അനുവദിക്കുന്ന പ്രസവാവധിയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമായി ചിലർ വെക്കേഷൻ പ്രയോജനപ്പെടുത്തുന്നുവെന്നുകണ്ടതോടെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടൽ. സ്കൂൾ തുറക്കുന്ന ദിവസംമുതൽ പ്രസവാവധി അനുവദിച്ചശേഷം അർഹതയില്ലാത്ത കാലയളവ് ക്രമപ്പെടുത്തുന്നതിനായി ഒട്ടേറെ അപേക്ഷകളാണ് സർക്കാരിൽ ലഭിക്കുന്നത്.
മാർച്ച് 31-ന് പ്രസവാവധി അവസാനിക്കുന്നവർക്കും വെക്കേഷൻ തുടങ്ങിക്കഴിഞ്ഞ് പ്രസവാവധി അവസാനിക്കുന്നവർക്കും അവധിക്കുശേഷം വെക്കേഷൻ കൂട്ടിച്ചേർക്കാമെന്നും നിർദേശിച്ചിട്ടുണ്ട്.