വയോധികന്‍ കുഴഞ്ഞുവീണു; റൂട്ട് മാറ്റി ആസ്പത്രിയിലേക്ക് കുതിച്ച് കെ.എസ്.ആര്‍.ടി.സി

Share our post

കോഴിക്കോട് : ചൊവ്വാഴ്ച പുലര്‍ച്ചെ മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്ന് അതിശയിച്ചു. ബസ് നേരെ വിട്ടത് ഇഖ്‌റ ആശുപത്രിക്കുള്ളിലേക്ക്. ബസ്സില്‍ കുഴഞ്ഞുവീണ വയോധികനുമായായിരുന്നു ആ ഓട്ടം.

ബസ്സിലുണ്ടായിരുന്ന ഡോക്ടര്‍ ആസ്പത്രിയിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കാതെ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ എം.പി. രമേശ് ആസ്പത്രിയിലേക്ക് കുതിക്കുകയായിരുന്നു. റോഡിലെ വാഹനങ്ങളെല്ലാം സഹകരിച്ചതിനാല്‍ കൃത്യസമയത്തിന് വയോധികനെ ആസ്പത്രിയിലെത്തിച്ചു. യാത്രക്കാരെ കൃത്യസ്ഥലത്ത് എത്തിച്ചശേഷം വയോധികന്റെ വിവരങ്ങള്‍ അന്വേഷിച്ചശേഷമാണ് ബസ് മാനന്തവാടിയിലേക്ക് തിരിച്ചു സര്‍വീസ് നടത്തിയത്. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഡ്രൈവര്‍ രമേശും കണ്ടക്ടര്‍ സി. പ്രദീപും.

ജീവനക്കാരും ബസ്സും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ താരങ്ങളാണ്. ബസ് ആസ്പത്രിയിലേക്കെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!