ലോട്ടറി അടിയോടടി; ദിവാകരനെ വിടാതെ പിന്തുടർന്ന് ‘ഭാഗ്യദേവത’

Share our post

വടകര: ലോട്ടറിയടിക്കൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. ലോട്ടറിയെടുക്കുന്നവർ ആഗ്രഹിക്കുന്നതും ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറിയടിക്കണമെന്നാണ്. എന്നാൽ, വടകര ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരന് രണ്ടാഴ്ചക്കിടെ ലോട്ടറിയടിച്ചത് മൂന്ന് തവണയാണ്. മൂന്നാംതവണയാവട്ടെ അടിച്ചത് ഒന്നാം സമ്മാനമായ ഒരു കോടി രൂപ.

നിർമാണത്തൊഴിലാളിയായ കിഴക്കെകുനിയിൽ ദിവാകരനാണ് ലോട്ടറിയിൽ നിരന്തര ഭാഗ്യം കൈവന്നത്. രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചിരുന്നു. സമ്മാനമായി കിട്ടിത തുകയിൽ നിന്ന് വീണ്ടുമെടുത്ത ടിക്കറ്റിന് അടിച്ചു പിന്നെയും 1000 രൂപ. ഇതോടെ, വലിയ ഭാഗ്യം വരാനുണ്ടെന്ന് പലരും പറഞ്ഞെങ്കിലും ദിവാകരൻ കാര്യമാക്കിയിരുന്നില്ല. എന്നാലും ടിക്കറ്റെടുക്കൽ തുടർന്നു.

കേരള സർക്കാറിന്‍റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ അടിച്ചപ്പോഴാണ് ‘ഭാഗ്യദേവത’ തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് ദിവാകരനും തോന്നിയത്.

ദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം വടകരയിലെ കുളത്തിൽ നീന്താൻ പോകുന്ന പതിവുണ്ട് ദിവാകരന്. അങ്ങനെ പോയപ്പോഴാണ് വടകര വെച്ച് ലോട്ടറിയെടുക്കുന്നത്. കയ്യിൽ അപ്പോൾ പണം കരുതാതിരുന്നതിനാൽ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റ് എടുത്തത്. പിറ്റേന്ന് പത്രം നോക്കിയപ്പോൾ ഒന്നാംസമ്മാനം തന്‍റെ കീശയിലുള്ള ടിക്കറ്റിന്.

ഭാര്യ ഗിരിജയും സുകൃത് സൂര്യ, ഹൃത് സൂര്യ എന്നീ മക്കളും അടങ്ങിയതാണ് ദിവാകരന്‍റെ കുടുംബം. കുറച്ച് കടബാധ്യതകളുണ്ടെന്നും അത് തീർക്കണമെന്നാണ് ആഗ്രഹമെന്നും ദിവാകരൻ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!