കുടുംബാസൂത്രണ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി
        കൊല്ലം: കുടുംബാസൂത്രണ നഷ്ടപരിഹാര പദ്ധതിപ്രകാരമുള്ള തുക ഇരട്ടിയാക്കി ആരോഗ്യവകുപ്പ് ഉത്തരവായി. 2016-ലെ സുപ്രീംകോടതി വിധി പാലിച്ചുകൊണ്ടാണിത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി അതിന്റെ ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
ഇതനുസരിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയിലോ ആശുപത്രിയിൽനിന്ന് വിടുതൽചെയ്ത് ഏഴുദിവസത്തിനുള്ളിലോ മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നാലുലക്ഷം രൂപയായി ഉയർത്തി. നിലവിൽ രണ്ടുലക്ഷം രൂപയാണ്. വിടുതൽചെയ്ത് എട്ടുമുതൽ 30 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ ഒരുലക്ഷംരൂപ ലഭിക്കും. നിലവിൽ ഇത് 50,000 രൂപയാണ്. വന്ധ്യംകരണത്തിന്റെ പരാജയത്തിന് 60,000 രൂപയാണ് ഇനി നഷ്ടപരിഹാരം.
വന്ധ്യംകരണത്തിന്റെ സങ്കീർണതകൾ മൂലമുള്ള ചികിത്സയ്ക്ക് ഡിസ്ചാർജ് ചെയ്ത് 60 ദിവസംവരെ 50,000 രൂപവരെ ചെലവ് ലഭിക്കും. ഓരോ ഡോക്ടർക്കും ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് നാലു കേസുകൾക്കുവരെ ഒരു കേസിന് നാലുലക്ഷം രൂപവരെ നഷ്ടപരിഹാര കവറേജ് ലഭിക്കും. നിലവിൽ രണ്ടുലക്ഷം രൂപയാണ് ലഭിക്കുക.
