പേവിഷബാധ: വേണ്ടത് അ​തി​ജാ​ഗ്ര​ത; കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ്

Share our post

കണ്ണൂർ: പേവിഷബാധയേറ്റ് പാലക്കാടും തൃശൂരും രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ പേവിഷബാധക്കെതിരെ ജാഗ്രത ശക്തമാക്കി കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുകയോ ഇവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുകയോ ചെയ്താൽ നിർബന്ധമായും പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പായ ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ എടുക്കണം.

പേവിഷബാധക്കെതിരെ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാൽ പേവിഷബാധ പൂർണമായി ഒഴിവാക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം ഉറപ്പായ രോഗമായതിനാൽ തികഞ്ഞ സൂക്ഷ്മത പുലർത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണിത്. വളർത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോൾ അവയുടെ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടിയേറ്റാൽ ഈ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടക്കണം. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.

ജില്ലയിൽ ഈ കുത്തിവെപ്പ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, ജില്ല ആശുപത്രി, ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സൗജന്യമായി ലഭിക്കും. കടിയേറ്റ മുറിവിൽനിന്ന് രക്തം പൊടിയുന്നുണ്ടെങ്കിൽ ആദ്യ ഡോസ് വാക്സിനോടൊപ്പം ആന്റി റാബീസ് സിറമായ ഇമ്യൂണോ ഗ്ലോബുലിൻ കൂടി എടുക്കണം. ഇത് മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭിക്കും.

രോഗബാധ പ്രതിരോധിക്കാൻ കുട്ടികൾക്ക് പ്രത്യേക ബോധവത്കരണം നൽകുന്നതിനൊപ്പം മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. മൃഗങ്ങളിൽ നിന്ന് കടിയോ പോറലോ ഏൽക്കുമ്പോഴാണ് ഉമിനീരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ചിലപ്പോൾ മാസങ്ങളോളം രോഗലക്ഷണം പ്രകടമാകില്ല. നായ്, പൂച്ച എന്നിവയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും പന്നി, കുരങ്ങ്, അണ്ണാൻ, കീരി, കുതിര, കഴുത, കുറുക്കൻ, ചെന്നായ തുടങ്ങിയ മൃഗങ്ങളിലൂടെയും മറ്റു വന്യമൃഗങ്ങളിലൂടെയും രോഗബാധ ഉണ്ടാകാം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!