കൊടുവള്ളി മേൽപ്പാലം പണി അതിവേഗം; ഡിസംബറിൽ പൂർത്തിയാകും

Share our post

തലശേരി : കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ സ്‌റ്റീൽ തൂണുകളിൽ ആറെണ്ണം പൂർത്തിയായി. യാഡിൽ നിർമിച്ച തൂണുകൾ (പിയർ) കൊടുവള്ളിയിലെത്തിച്ച്‌ പൈൽക്യാപ്പിൽ ഉറപ്പിച്ചു. ഇനി രണ്ട്‌ തൂണുകളാണ്‌ ഘടിപ്പിക്കാനുള്ളത്‌. ഇതിനുള്ള പൈലിങ്ങും പൂർത്തിയായി. സ്‌റ്റീൽ തൂൺപോലെ ഗൾഡറും പാലത്തിൽ കൊണ്ടുവന്ന്‌ സ്ഥാപിക്കും. പാലത്തിന്റെ പൈലും പൈൽക്യാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും പാലത്തിന്റെ ഉപരിതലം കോൺക്രീറ്റുമാണ്‌. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറായാണ്‌ നിർമാണം. ഇത്തരത്തിലുള്ള സംസ്ഥാനത്തെ പത്ത്‌ മേൽപ്പാലങ്ങളിലൊന്നാണ്‌ കൊടുവള്ളിയിലേത്‌. 

റെയിൽവേ ഭൂമിയിലെ മേൽപ്പാലം നിർമാണപ്രവൃത്തിയാണ്‌ ഇനി തുടങ്ങാനുള്ളത്‌. പാലത്തിന്റെ രണ്ട്‌ തൂൺ റെയിൽവേയുടെ സ്ഥലത്താണ്‌. ഇവിടെ റെയിൽവേയാണ്‌ പ്രവൃത്തിനടത്തേണ്ടത്‌. ഡിസംബറിൽ മേൽപ്പാലം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ കരാറുകാർ. റെയിൽവേകൂടി മനസ്സുവച്ചാൽ സമയബന്ധിതമായി പൂർത്തിയാകും. എ.എൻ. ഷംസീർ എം.എൽ.എ സ്ഥലത്തെത്തി നിർമാണപുരോഗതി വിലയിരുത്തി. 

കൊടുവള്ളി പഴയബാങ്ക്‌ മുതൽ എൻ.ടി.ടി.എഫ്‌ പുതിയ ബ്ലോക്കുവരെ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിലാണ്‌ മേൽപ്പാലം. ഒരു ഭാഗത്ത്‌ നാലുമീറ്റർ സർവീസ്‌ റോഡുമുണ്ട്‌. 21.4 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. 15.68 കോടി രൂപ വിനിയോഗിച്ചാണ്‌ സ്ഥലമെടുപ്പ്‌ പൂർത്തിയാക്കിയത്‌. 

സർക്കാരിന്റെ നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം ജനുവരി 23നാണ്‌ മേൽപ്പാലം പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌. 

കൊടുവള്ളി ഗേറ്റ്‌ അടക്കുമ്പോൾ ദേശീയപാതയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക്‌ മേൽപ്പാലം വരുന്നതോടെ ഇല്ലാതാകും. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റം ഒഴിവാക്കി ചരക്കുവാഹനങ്ങൾക്കും മേൽപാലത്തിലൂടെ യാത്രചെയ്യാം. കണ്ണൂർ വിമാനത്താവളത്തിലേക്കും അഞ്ചരക്കണ്ടിയിലേക്കുള്ള പ്രധാനപാതയാണിത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!