ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തടയാൻ ‘ഓപ്പറേഷൻ റേസ്’

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തടയാൻ കർശന പരിശോധനയും നടപടിയുമായി ‘ഓപ്പറേഷൻ റേസ്’ വരുന്നു. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതിനെത്തുടർന്നാണിത്.
പ്രത്യേക സൗകര്യമുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ്, സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെടുന്നത് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കർശന പരിശോധനയ്‌ക്ക് മന്ത്രി നിർദേശിച്ചത്. രണ്ടാഴ്‌ച നീളുന്ന പരിശോധന ബുധനാഴ്ച തുടങ്ങും. വാഹനത്തിന്റെ രൂപമാറ്റം വരുത്തൽ, അമിതവേഗം അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്നയാളുടെ ലൈസൻസും റദ്ദാക്കും. പിഴയിടുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹനം കണ്ടെത്തി നടപടിയെടുക്കും.