വൈറലായി ശ്രീകണ്ഠപുരത്തെ കുഞ്ഞു കാർത്തികയുടെ ‘അനുരാഗിണി’

Share our post

ശ്രീകണ്ഠപുരം : അച്ഛനും സഹോദരനും പാട്ട് പാടുന്നത് സ്ഥിരമായി കേട്ടിരുന്ന മൂന്നു വയസ്സുകാരി. സംഗതികളൊന്നും പിടികിട്ടിയില്ലെങ്കിലും പാട്ടിൽ സ്വയമലിഞ്ഞ്‌ അവൾ  ഒരു പാട്ടങ്ങ്‌ പാടി. അച്ഛൻ വീഡിയോ എടുത്ത്  ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കുട്ടി  സമൂഹ മാധ്യമങ്ങളിലും സംഗീത ലോകത്തും താരമായി. ജോൺസൻ മാസ്റ്ററുടെ ഹിറ്റ് ഗാനമായ ‘അനുരാഗിണി ഇതായെൻ’ എന്ന പാട്ട് പാടിയ ചുഴലിയിലെ വി കെ അശോക്–രശ്മി ദമ്പതികളുടെ മകൾ കാർത്തികയാണ് തരംഗമായത്‌.
അഞ്ച് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ദിവസങ്ങൾകൊണ്ട്  ലക്ഷക്കണക്കിന് ആൾക്കാർ കാണുകയും ഷെയറും ചെയ്‌തു.  ഓരോ വരികളും പാടുമ്പോൾ ആ കുഞ്ഞ് മുഖത്ത് വരുന്ന ഭാവങ്ങളാണ് എല്ലാവരെയും ആകർഷിച്ചത്‌. മലയാളികളുടെ മനസ് കീഴടക്കിയ ഈ ഗാനം അനായാസമാണ് ഈ കൊച്ചു മിടുക്കി പാടുന്നത്. വാക്കുകൾ തെറ്റി പോകുന്നുണ്ടെങ്കിലും അത് വകവയ്‌ക്കാതെ മനോഹര ശബ്ദത്തിലാണ് ഗാനാലാപനം. ഓരോ വരിയും ആസ്വദിച്ച് രസകരമായ മുഖഭാവങ്ങളോടു കൂടിയാണ് കുഞ്ഞ് കാർത്തിക ആലപിക്കുന്നത്. ഇതു കൂടാതെ വേറെയും  ഗാനങ്ങൾ ഈകുഞ്ഞു ഗായിക ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 
സിനിമാ നടന്മാരായ ജയസൂര്യ, സാജൻ പള്ളുരുത്തി എന്നിവർ തങ്ങളുടെ ഫെയ്സ് ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഗായകനും ഫോട്ടോഗ്രാഫറുമാണ്‌ കാർത്തികയുടെ അച്ഛൻ  വി.കെ. അശോക്‌.  അഞ്ചാം ക്ലാസുകാരനായ സഹോദരൻ കേദാർനാഥും പാട്ടുകാരനാണ്

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!