ധർമശാല വുമൺ ആൻഡ് ചൈൽഡ് ആസ്‌പത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സൗരോർജ പ്ലാന്റ് ഉദ്‌ഘാടനം ഞായറാഴ്ച

ധർമശാല : മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ: വുമൺ ആൻഡ് ചൈൽഡ് ആസ്‌പത്രിയിൽ നിർമിച്ച പീഡിയാട്രിക് ഐ.സി.യു.വും സൗരോർജ പ്ലാന്റും ഞായറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷ നാകും. ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഏക ആശുപത്രിയാണിത്. തളിപ്പറമ്പ് മണ്ഡലം എം.എൽ.എ.യും മന്ത്രിയുമായ എം.വി. ഗോവിന്ദന്റെ ആസ്‌തി വികസന ഫണ്ടിൽനിന്നനുവദിച്ച 29.50 ലക്ഷം രൂപ ചെലവഴിച്ചാണ് പീഡിയാട്രിക് ഐ.സി.യു ഒരുക്കിയത്.

ആധുനിക സൗകര്യങ്ങളുള്ള നാല് കിടക്കകളും ഒരു വെന്റിലേറ്ററും സജ്ജമാക്കിയിട്ടുണ്ട്. 12 കിടക്കകളോടുകൂടിയ പീഡിയാട്രിക് വാർഡും 12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്.എൻ.സി.യു സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ പ്ലാന്റും പൂർത്തിയാക്കിയിട്ടുണ്ട്. 30 കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിൽനിന്ന് പ്രതിദിനം 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പത്തുശതമാനം ആസ്‌പത്രിക്കും ബാക്കി കെ.എസ്.ഇ.ബി.ക്കും നൽകും. ടാറ്റ പവർ സൊലൂഷൻസ് ലിമിറ്റഡാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
2009ൽ പ്രവർത്തനം തുടങ്ങിയ ആശുപത്രിയിൽ നാലാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായുള്ള മാസ്റ്റർപ്ലാൻ പ്രകാശനവും ചടങ്ങിൽ നടക്കും. സംസ്ഥാനത്തെ മികച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആസ്‌പത്രി എന്ന ലക്ഷ്യത്തോടെ 25 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച മാസ്റ്റർപ്ലാനാണ് മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശിപ്പിക്കുക. 2019 –20 ൽ എൻ.എച്ച്.എം. പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി കിറ്റ്കോ തയ്യാറാക്കിയതാണ് മാസ്റ്റർപ്ലാൻ. ഒമ്പതുനിലകളിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ലക്ഷ്യമിടുന്നത്.
ആസ്‌പത്രി കോൺഫറൽസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ആസ്‌പത്രി സൂപ്രണ്ട് സി.കെ. ജീവൻലാൽ, വികസന സമിതി അംഗം പി.എൻ. രാജപ്പൻ എന്നിവർ പങ്കെടുത്തു.