സ്റ്റാറായി കുറുവാ ദ്വീപ്; മധ്യവേനലവധിയില്‍ എത്തിയത് അരലക്ഷം പേര്‍
മാനന്തവാടി: നിയന്ത്രണങ്ങള്‍ക്കിടയിലും കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ പത്തുമണിക്കുശേഷം എത്തുന്ന ഒട്ടേറെ പേരാണ് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്നത്.
മധ്യവേനലവധിയില്‍ മാത്രം കുറുവാ ദ്വീപിലെത്തിയത് 55,573 പേരാണ്. പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് 2019 മാര്‍ച്ച് 22ന് ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് പ്രദേശവാസികളായ മുപ്പത്തെട്ടോളംപേര്‍ ചേര്‍ന്ന് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദേശപ്രകാരം നിയന്ത്രണങ്ങളോടെ 2021 ഒക്ടോബര്‍ രണ്ടു മുതല്‍ വീണ്ടും ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി.
വനംവകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും നേതൃത്വത്തിലുള്ള കൗണ്ടറുകള്‍ വഴിയാണ് കുറുവയിലേക്ക് ടിക്കറ്റ് നല്‍കുന്നത്. പുല്പള്ളിഭാഗത്തു നിന്നെത്തുന്നവരെ വനംവകുപ്പ് പാക്കംഭാഗം വഴിയാണ് പ്രവേശിപ്പിക്കുന്നത്. മാനന്തവാടിഭാഗത്തു നിന്നെത്തുന്നവര്‍ ഡി.ടി.പി.സി.യുടെ പാല്‍വെളിച്ചം കവാടം വഴിയും പ്രവേശിക്കുന്നു.
ആളുകളെ ദ്വീപിലേക്ക് എത്തിക്കുന്നതിനും, സവാരിക്കുമായി 10 ചങ്ങാടങ്ങളാണ് കുറുവയില്‍ ഒരുക്കിയിട്ടുള്ളത്. ദ്വീപിന്റെ ഭംഗി പുഴയിലൂടെ ചങ്ങാടത്തില്‍ ആസ്വാദിക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചങ്ങാടസവാരി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 20 മിനിറ്റ് നീളുന്ന ചങ്ങാടസവാരിക്ക് രണ്ടുപേര്‍ക്ക് 200 രൂപയും അഞ്ചുപേരടങ്ങുന്ന സംഘത്തിന് 400 രൂപയുമാണ് ഈടാക്കുന്നത്. ഇതരജില്ലയില്‍ നിന്നുള്ളവര്‍ക്കുപുറമേ മറ്റു സംസ്ഥാനങ്ങളിലുള്ളവരും രാജ്യങ്ങളിലുള്ളവരും കുറുവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്.
മണ്‍സൂണ്‍ ടൂറിസം ലക്ഷ്യമിട്ട് മാനന്തവാടിയില്‍നിന്നും കുറുവ ദ്വീപ് വരെ പുഴയിലൂടെയുള്ള സാഹസിക വിനോദസഞ്ചാരപദ്ധതിക്ക് (വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്) ഡി.ടി.പി.സി. ലക്ഷ്യമിടുന്നുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ കൂടുതല്‍ വരുമാനം ലഭിക്കും.
