ആറു വയസുകാരനെ മഡ് റേസിംഗ് പരിശീലിപ്പിച്ച പിതാവിനെതിരേ കേസ്
        പാലക്കാട്: ആറുവയസുകാരന് മഡ് റേസിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരേ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരേയാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്.
ഏപ്രിൽ 16, 17 തീയതികളിലായി പാലക്കാട് നടക്കുന്ന മഡ് റേസിംഗിനായി കാടാങ്കോട് പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതിൽ അപകടകരമായ രീതിയിൽ മുതിർന്നവർക്കൊപ്പം ആറുവയസുകാരനെ പരിശീലനത്തിന് വിട്ടതിനാണ് കേസെടുത്തത്.
ടോയ് ബൈക്കാണ് മഡ് റേസിംഗ് പരിശീലനത്തിനായി കുട്ടി ഉപയോഗിച്ചത്. അതേസമയം, മഡ് റേസിംഗ് നടത്താൻ സംഘാടകർക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് സൗത്ത് സി.ഐ അറിയിച്ചു.
