ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 5 സാഹചര്യങ്ങള്‍ അറിയാം

Share our post

നിനച്ചിരിക്കാതെ വന്ന് നമ്മുടെ ജീവന്‍തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന രോഗമാണ് ഹൃദയാഘാതം.  ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോൾ സംഭവിക്കുന്ന ഹൃദയാഘാതം അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്‍റെ ശേഷിയെ ബാധിച്ച് ഹൃദയസ്തംഭനത്തിലേക്കും നയിക്കാം. മുന്‍പൊക്കെ പ്രായമായവരിലാണ് ഹൃദയാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ 30-40 പ്രായവിഭാഗത്തില്‍പ്പെട്ട പലരിലും ഇത് വ്യാപകമാണ്. 

ജീവിതശൈലിയിലെ പ്രശ്നങ്ങളാണ് ചെറുപ്പത്തില്‍തന്നെ പലരെയും ഹൃദ്രോഗികളാക്കുന്നത്. ഹൃദയാഘാതത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇനി പറയുന്നവയാണ്. 

ഉയര്‍ന്ന രക്തസമ്മര്‍ദം

രക്തം വഹിച്ചു കൊണ്ടു പോകുന്ന ധമനികളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന സമ്മര്‍ദം പരിധി വിട്ട് വര്‍ധിക്കുമ്പോൾ അത് രക്തക്കുഴലുകള്‍ പൊട്ടാനോ അവയിലൂടെയുള്ള രക്തയോട്ടം കുറയ്ക്കാനോ സാധ്യതയുണ്ട്. ഇത് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമൊക്കെ നയിക്കാം. 

ചീത്ത കൊളസ്ട്രോള്‍

എച്ച്‍.ഡി.എല്‍, എല്‍.ഡി.എല്‍ എന്നിങ്ങനെ കൊളസ്ട്രോള്‍ രണ്ട് തരത്തിലുണ്ട്. ഇതിലെ എല്‍ഡിഎല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ ചീത്ത കൊളസ്ട്രോള്‍ എന്ന് അറിയപ്പെടുന്നു. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടി ബ്ലോക്ക് ഉണ്ടാക്കുന്നത് രക്തയോട്ടത്തെ ബാധിക്കും. ഹൃദയപേശികളിലേക്കുള്ള  രക്തയോട്ടം കുറയുന്നത് അവ നശിച്ച് പോകാന്‍ കാരണമാകും. 

അമിതവണ്ണം

അമിതവണ്ണം ഹൃദയാഘാതത്തിനുള്ള സാധ്യത പത്ത് മടങ്ങ് വര്‍ധിപ്പിക്കുന്നു. അമിതവണ്ണമുള്ളവരില്‍ പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ കൂടുതല്‍ രക്തം ആവശ്യമായി വരുന്നു. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തി ഹൃദയാഘാത സാധ്യതയേറ്റുന്നു. 

വിഷാദരോഗം

വിഷാദരോഗമുള്ളവരില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇത് രക്തധമനികളെ ചുരുക്കുകയും ഹൃദ്രോഗ സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഹൃദയം ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ മാനസികാരോഗ്യത്തിന് ഇതിനാല്‍ തന്നെ നിര്‍ണായക സ്ഥാനമുണ്ട്. 

പുകവലി

പുകവലി ഹൃദയാഘാതത്തിനുള്ള സാധ്യത എട്ട് മടങ്ങ് വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സിഗരറ്റിലെ കെമിക്കലുകള്‍ രക്തത്തിന്‍റെ കട്ടി കൂട്ടുകയും രക്തധമനികളിലും ഞരമ്പുകളിലും ക്ലോട്ടുകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!