കണ്ണൂർ ജില്ലയിൽ സി.എൻ.ജി ക്ഷാമത്തിന് വൈകാതെ പരിഹാരം; 7 പമ്പുകൾ കൂടി ഉടൻ

കണ്ണൂർ : കാസർകോട്, കണ്ണൂർ ജില്ലകളിൽ സി.എൻ.ജി വാഹനങ്ങൾ നേരിടുന്ന കടുത്ത ഇന്ധന ക്ഷാമത്തിന് പരിഹാരമാകുന്നു. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്ന് വടക്കേ മലബാറിൽ സി.എൻ.ജി വിതരണം ചെയ്യുന്നതിനായി കൂടാളിയിൽ സ്ഥാപിച്ച ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ (ഐ.ഒ.എ.ജി.പി.എൽ) സിറ്റി ഗേറ്റ് സ്റ്റേഷൻ കമ്മിഷൻ ചെയ്യുന്നതോടെ ഇവിടെ നിന്ന് വിതരണം സാധ്യമാകും. സ്റ്റേഷൻ കമ്മിഷൻ ചെയ്യുന്നതോടെ സി.എൻ.ജി വിതരണത്തിനായി കൂടാളിയിൽ ഐ.ഒ.എ.ജി.പി.എൽ സ്ഥാപിച്ച മദർ സ്റ്റേഷനും പ്രവർത്തനം തുടങ്ങും. ഇവിടെ നിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ സി.എൻ.ജി സ്റ്റേഷനുകളിലേക്ക് ലോറിയിൽ അതിവേഗം ഇന്ധനം എത്തിക്കാൻ സാധിക്കും.
സെൻട്രൽ ജയിൽ പരിസരത്ത് ജയിൽ വകുപ്പ് ആരംഭിച്ച പെട്രോൾ പമ്പിലേതാണു ജില്ലയിലെ ആദ്യ സി.എൻ.ജി ഫില്ലിങ് സ്റ്റേഷൻ. മട്ടന്നൂരിലും സി.എൻ.ജി സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. നിലവിൽ കൊച്ചിയിൽ നിന്ന് ലോറികളിൽ സി.എൻ.ജി എത്തിച്ചാണ് ഇവിടെ വിതരണം ചെയ്യുന്നത്. പയ്യന്നൂർ ഭാഗത്തു നിന്നും കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുമെല്ലാം ഓട്ടോറിക്ഷകളും കാറുകളുമെല്ലാം പള്ളിക്കുന്നിലെ സെൻട്രൽ ജയിലിന്റെ പമ്പിൽ എത്തിയാണ് സി.എൻ.ജി നിറയ്ക്കുന്നത്. വാഹനങ്ങൾ വർധിച്ചതോടെ ഉടൻ സ്റ്റോക്ക് തീരുന്നത് ഉടമകളെ ദുരിതത്തിലാക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
പലപ്പോഴും സ്റ്റോക്ക് വന്നാൽ പള്ളിക്കുന്ന് ഭാഗത്തു ദേശീയപാതയിൽ കിലോമീറ്ററുകൾ നീണ്ട ക്യൂ രൂപപ്പെടുന്ന സ്ഥിതിയാണ്. കൂടാളിയിൽ നിന്നു വിതരണം ആരംഭിക്കുന്നതോടെ കണ്ണൂർ കാസർകോട് ജില്ലകളിൽ 7 പമ്പുകളിൽക്കൂടി സി.എൻ.ജി ഫില്ലിങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങും. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ്, പരിയാരം, ഏച്ചൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കാസർകോട് ജില്ലയിലെ പെരിയ, ചെറുവത്തൂർ, കുഡ്‌ലു എന്നിവിടങ്ങളിലുമാണു ഫില്ലിങ് സ്റ്റേഷനുകൾ വരുന്നത്. ഇതിന് പുറമേ വടക്കേ മലബാറിലെ കൂടുതൽ പമ്പുകളിൽ സി.എൻ.ജി ഫില്ലിങ് കേന്ദ്രങ്ങൾ ആരംഭിക്കാനും ഐ.ഒ.എ.ജി.പി.എൽ നടപടി തുടങ്ങി.