അലക്കും തോറും തിളക്കം കൂടും; വിഷുവിന് ഞൊറിഞ്ഞുടുത്ത് നിവരാൻ കാസർകോട് സാരി
കാസര്‍കോട്: പ്രളയത്തിനും കോവിഡിനും ശേഷമെത്തുന്ന വിഷുവിപണിയില്‍ ഞൊറിഞ്ഞുടുത്ത് നിവര്‍ന്ന് നില്‍ക്കാനൊരുങ്ങി കാസര്‍കോട് സാരി. വിഷുക്കാലം തിളക്കത്തിന്റെതാകുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോടിന്റെ ‘ലോക പൈതൃകം’.
1938-ല്‍ ഉത്പാദനം തുടങ്ങിയ കാസര്‍കോട് സാരി ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയത് 2011-ലാണ്. ഉത്പാദകരായ കാസര്‍കോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിലനില്‍പ്പ് പോലും ഭീഷണിയിലായിരുന്നു അപ്പോള്‍. ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയതോടെ സാരിക്ക് ആവശ്യക്കാരേറിയത് സൊസൈറ്റിക്ക് പ്രതീക്ഷയുടെ തിളക്കം നല്‍കിയിരുന്നു.
അലക്കുംതോറും തിളക്കം കുറയുന്നതാണ് സാധാരണ തുണികള്‍. എന്നാല്‍, അലക്കുംതോറും തിളക്കം കൂടുമെന്നതാണ് കാസര്‍കോട് സാരിയുടെ പ്രത്യേകത. ഓരോ നൂലും സ്റ്റാര്‍ച്ച് മുക്കി നെയ്യുന്നതാണ് ആ മങ്ങാത്ത തിളക്കത്തിന്റെ രഹസ്യമെന്ന് തൊഴിലാളികള്‍ പറയുന്നു.
